'മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവും'; വിദ്വേഷ പരാമർശവുമായി വെള്ളാപ്പള്ളി നടേശൻ

സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്ന പരാമര്‍ശവും വെള്ളാപ്പള്ളി നടത്തി

dot image

മലപ്പുറം: മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമര്‍ശവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലാണ് വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം.

'നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുട്ടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ', വെള്ളാപ്പള്ളി പറഞ്ഞു. തൊഴിലുറപ്പില്‍ വളരെ പ്രാതിനിധ്യമുണ്ടെങ്കിലും ബാക്കിയെന്തിലാണ് പ്രാതിനിധ്യമെന്നും വെള്ളാപ്പള്ളി ചോദിച്ചു.

വോട്ടും പിടിച്ച് പോയാല്‍ പിന്നെ ആലുവാ മണപ്പുറത്തെ പരിചയം പോലും ആളുകള്‍ കാണിക്കാറില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പല സാമുദായിക സംഘടനകളും സംഘടിച്ച് നിന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നു. എന്നാല്‍ എസ്എന്‍ഡിപി അതില്‍ പിന്നോട്ട് പോകുകയാണ്. സംഘടന ഒറ്റക്കെട്ടായി നില്‍ക്കുന്നില്ലെന്ന വിമര്‍ശനവും വെള്ളാപ്പള്ളി നടേശന്‍ ഉന്നയിക്കുന്നുണ്ട്.

Content Highlights: Vellappalli Nadeshan s hate speech against Malappuram

dot image
To advertise here,contact us
dot image