
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലില്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നന്ദി അറിയിച്ച് അതിജീവിതയുടെ കുടുംബം. സ്വന്തം ജീവിതം പണയംവച്ച് നടത്തിയ മാധ്യമപ്രവര്‍ത്തനമെന്നാണ് റിപ്പോര്‍ട്ടിനെ അതിജീവിതയുടെ കുടുംബം വിശേഷിപ്പിച്ചത്. വാര്‍ത്തയെ തുടര്‍ന്നുള്ള സൈബര്‍ ആക്രമണങ്ങളെ പാരിതോഷികങ്ങളായി കാണുന്നുവെന്നും കുടുംബം പറഞ്ഞു. ധീരമായ പോരാട്ടം ആര്‍ജവത്തോടെ തുടരണമെന്നും അതിജീവിതയുടെ കുടുംബം പറഞ്ഞു. 'പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിലൂടെ പലരുടെയും കാഴ്ചപ്പാടുകള്‍ക്ക് മാറ്റം വന്നു. ഇതിന്റെ പ്രതിഫലനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രകടമാണ്.' അതിജീവിതയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ട റോഷിപാല്‍, നിങ്ങള്‍ ചെയ്ത അഭിമുഖത്തോട് ഞങ്ങള്‍ എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. സ്വന്തം ജീവിതം പണയം വെച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന 'പാരിതോഷികങ്ങളായാണ് ' ഇവയെയെല്ലാം ഞാന്‍ നോക്കിക്കാണുന്നത്. പലപോസ്റ്റുകളും റോഷിപാല്‍ എന്ന മാധ്യപ്രവര്‍ത്തകനെ വളരെയധികം വേദനിപ്പിക്കുന്നുണ്ടെന്നും ആത്മാര്‍ത്ഥമായ മാധ്യമ പ്രവര്‍ത്തനത്തിനോട് വെറുപ്പ് തോന്നിപ്പിക്കാവുന്നതുമാണ് എന്നും ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.
ധീരമായ താങ്കളുടെ ഈ അഭിമുഖം കൊണ്ട് പലരുടേയും കാഴ്ചപ്പാടിന് മാറ്റം വന്നതിന്റെ സൂചനകള്‍ ഞങ്ങള്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും ലഭിക്കുന്നുണ്ട് എന്ന് കൂടി താങ്കളെ അറിയിക്കട്ടെ. അതിന്റെയെല്ലാം പ്രതിഫലനമായാണ് ഞാനീ പോസ്റ്റുകളെ കാണുന്നത്. തുടര്‍ന്നും ധീരമായ പോരാട്ടങ്ങള്‍ നടത്തുന്നതിന് റോഷിപാലിന് ആര്‍ജ്ജവമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
പള്‍സര്‍ സുനിയുടെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ടിരുന്നു. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് ദിലീപ് തനിക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. അക്രമം ഒഴിവാക്കാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് അതിജീവിത പറഞ്ഞിരുന്നുവെന്നും ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു.
ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് നടിയോടുളള വൈരാഗ്യത്തിന് കാരണമായത്. അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താനെന്നും സുനി വെളിപ്പെടുത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുനി പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കി, എന്നാല്‍ കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണ്. കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ടെന്ന സൂചനയും പള്‍സര്‍ സുനി നല്‍കി. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്നും സുനി പറഞ്ഞു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യം റദ്ദാക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. പള്‍സര്‍ സുനി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. എറണാകുളം റൂറല്‍ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘത്തിന് കൈമാറി. കേസ് സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന വ്യവസ്ഥയാണ് ലംഘിച്ചതെന്ന് റൂറല്‍ എസ്പി വൈഭവ് സക്‌സേന റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
Content Highlights: Actress Attack Case: Pulser Suni's Revelation; Survivor's family thanked Reporter Channel