'ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതിന്റെ പ്രതികാരം,സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമം'; പ്രതികരിച്ച് കെല്‍ട്രോ ഉടമ

കെല്‍ട്രോയ്ക്ക് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സുമായി ബന്ധമില്ലെന്നും ഹുബൈല്‍

dot image

കൊച്ചി: മാര്‍ക്കറ്റിംഗ് കമ്പനിയിലെ തൊഴില്‍ പീഡന ദൃശ്യങ്ങളില്‍ പ്രതികരിച്ച് കൊച്ചിയിലെ കെല്‍ട്രോ ഉടമ ഹുബൈല്‍. താന്‍ ഇല്ലാത്ത കാലത്ത് നടന്ന സംഭവമാണിതെന്ന് ഹുബൈല്‍ പറഞ്ഞു. മനാഫിനെ ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ടതിന്റെ പ്രതികാരമാണിതെന്നും കെല്‍ട്രോയ്ക്ക് ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സുമായി ബന്ധമില്ലെന്നും ഹുബൈല്‍ വെളിപ്പെടുത്തി. ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിന്റെ ഉല്‍പ്പന്നങ്ങള്‍ വാങ്ങാറുണ്ട്. സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്ഥാപനത്തില്‍ നിന്ന് രാജി വെച്ച മുപ്പതോളം പേര്‍ മനാഫിനൊപ്പമുണ്ടെന്നും ഹുബൈല്‍ കൂട്ടിച്ചേർത്തു.

അതേ സമയം, മാർക്കറ്റിങ് കമ്പനിയില്‍ തൊഴിൽ പീഡനം നടന്നുവെന്ന വാർത്ത നിഷേധിച്ച് ദൃശ്യങ്ങളിലുള്ള യുവാവ് ഇന്നലെ രംഗത്തെത്തിയിരുന്നു. നടന്നത് തൊഴിൽ പീഡനമല്ല എന്നായിരുന്നു യുവാവിൻ്റെ മൊഴി. സ്ഥാപനത്തിൽ നിന്ന് പുറത്താക്കിയ മാനേജർ ചിത്രീകരിച്ച ദൃശ്യമാണ് പ്രചരിക്കുന്നതെന്നും കമ്പനിയിൽ നിന്ന് മറ്റു പ്രശ്നങ്ങൾ ഒന്നും നേരിട്ടിട്ടില്ലായെന്നും യുവാവ് വെളിപ്പെടുത്തിയിരുന്നു.

മനാഫ് ആണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ഇയാൾ സ്ഥാപനത്തിൻ്റെ മുൻ മാനേജറായിരുന്നു ഇയാൾ തന്നെയാണ് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നും യുവാവ് മൊഴി നൽകിയിരുന്നു. കമ്പനി കൃത്യമായി ശമ്പളം തരാറുണ്ടെന്നും തൊഴിൽ പീഡനം സ്ഥാപനം നടത്തിയിട്ടില്ലായെന്നും യുവാവ് പറഞ്ഞിരുന്നു. സംഭവത്തിൽ പൊലീസിനും തൊഴിൽ വകുപ്പിനും യുവാവ് മൊഴി നൽകിയിട്ടുണ്ട്.

Also Read:

കൊച്ചിയിൽ പ്രവർത്തിക്കുന്ന കെൽട്രോ എന്ന കമ്പനിയിലെ മാനേജർ ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്ത തൊഴിലാളികളോട് കടുത്ത ക്രൂരതകാട്ടുന്ന വീഡിയോ പുറത്ത് വന്നിരുന്നു. കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെ പോലെ നടത്തിക്കുക, നായ്ക്കളെ പോലെ ഭക്ഷണം കഴിപ്പിക്കുക, വായില്‍ ഉപ്പ് വാരിയിട്ട് തുപ്പാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ പീഡനങ്ങളാണ് തൊഴിലാളികള്‍ക്ക് നേരെ നടക്കുന്നത്. പല വീടുകള്‍ കയറി സാധങ്ങള്‍ വില്‍ക്കുകയാണ് തൊഴിലാളികളുടെ ടാര്‍ഗറ്റ്. എന്നാല്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ട്. അതിന് ശേഷം ഓഫീസിലെത്തുന്നവരെ പീഡിപ്പിക്കും. മുഖത്തടക്കം ക്രൂര പീഡനങ്ങള്‍ നടത്തും. പീഡനത്തിന്റെ ദൃശ്യങ്ങള്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്കും അയച്ചു നല്‍കും. ആറ് മാസത്തെ ട്രെയിനിങ് എന്ന് പറഞ്ഞ് ജോലിയില്‍ പ്രവേശിപ്പിക്കുന്നവര്‍ക്കെതിരെയാണ് ക്രൂര പീഡനം നടത്തുന്നത് എന്നായിരുന്നു ആരോപണം.

പരാതി ലഭിച്ചതിന് പിന്നാലെ ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ ജോയ് ജോസഫിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. എന്നാൽ കെൽട്രോ എന്ന കമ്പനി തങ്ങളുടെ ഉൽപന്നങ്ങൾ വാങ്ങി വിതരണം ചെയ്യുമെന്നല്ലാതെ മറ്റു ബന്ധങ്ങളൊന്നുമില്ലായെന്ന് ഹിന്ദുസ്ഥാൻ പവർ ലിങ്ക്സ് ഉടമ അറിയിച്ചു.

Content Highlights: Keltro owner Hubail reacts to scenes of labor harassment

dot image
To advertise here,contact us
dot image