മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവർ കലർപ്പില്ലാത്ത സ്നേഹമുള്ളവരാണ് നടേശൻ സാർ'; കെടി ജലീല്‍

മലപ്പുറത്തുകാരെ സംബന്ധിച്ച് ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം വെള്ളാപ്പള്ളി തിരുത്തുമെന്ന് തനിക്കുറപ്പാണെന്നും കെ ടി ജലീൽ പറഞ്ഞു.

Ben Jack
4 min read|06 Apr 2025, 12:08 am
dot image

കൊച്ചി: മലപ്പുറം വിരുദ്ധ പരാമർശം നടത്തിയ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് കെ ടി ജലീൽ എംഎൽഎ. മലപ്പുറംകാരിൽ നിന്ന് ഏതെങ്കിലും തരത്തിൽ ദുരനുഭവം ഉണ്ടായിട്ടുണ്ടോയെന്ന് കെ ടി ജലീൽ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.' താങ്കൾക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവരാരെങ്കിലും അങ്ങയെ സാമ്പത്തികമായി വഞ്ചിച്ചിട്ടുണ്ടോ? മലപ്പുറത്തുകാർ കലർപ്പില്ലാത്ത സ്നേഹമുള്ളവരാണ്. അവരോട് കുറച്ചു ദിവസം ഇടപഴകിയാൽ താങ്കളുടെ എല്ലാ തെറ്റിദ്ധാരണകളും മാറുമെന്നും കെ ടി ജലീൽ കുറിച്ചു. പറ്റിയ പിശക് തിരുത്താൻ താങ്കൾ മടി കാണിക്കാത്ത ആളാണെന്നത് തനിക്ക് അറിയാമെന്നും അതുകൊണ്ട് തന്നെ മലപ്പുറത്തുകാരെ സംബന്ധിച്ച് ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം മനസ്സിലാക്കി തിരുത്തുമെന്ന് തനിക്കുറപ്പാണെന്നും കെ ടി ജലീൽ പറഞ്ഞു.

കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം


പ്രിയപ്പെട്ട വെള്ളാപ്പള്ളി സാറിന്,

ക്ഷേമം നേരുന്നു. ശ്രീനാരായണീയ പ്രസ്ഥാനത്തിൻ്റെ അമരക്കാരനാണ് താങ്കൾ. കേരളത്തിലെ അറിയപ്പെടുന്ന വ്യവസായ പ്രമുഖൻ. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ. കഠിനാധ്വാനത്തിലൂടെ ഉയർന്ന്, സാമൂഹ്യ രംഗത്ത് പ്രശസ്തനായ വ്യക്തി. ലക്ഷക്കണക്കിന് അനുയായികളുള്ള എസ്.എൻ.ഡി.പി യുടെ സമുന്നത നേതാവ്. എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിത്വം. ഈ നിലകളിലെല്ലാം അറിയപ്പെടുന്ന താങ്കളിൽ നിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്ന വാചകങ്ങളാണ്, അങ്ങയുടേത് എന്ന പേരിൽ വാർത്തകളിലും സാമൂഹ്യമാധ്യമങ്ങളിലും പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

''മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം" എന്ന് താങ്കൾ പ്രസ്താവന നടത്തിയതായാണ് 'റിപ്പോർട്ടർ' ടി.വി വാർത്ത നൽകിയിരിക്കുന്നത്. ഞാൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ്, കൊല്ലത്ത് ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ വി.സിയായി ഡോ: മുബാറക് പാഷയെ നിയമിച്ചതുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവന താങ്കൾ നടത്തിയത്. രണ്ട് വർഷം മുമ്പ് താങ്കളുടെ വീട്ടിലെത്തി വിശദമായി നമ്മൾ അതേക്കുറിച്ച് സംസാരിച്ചു. വസ്തുത മനസ്സിലായപ്പോൾ പരസ്യമായിത്തന്നെ പിശക് തിരുത്തി. അന്ന് അങ്ങ് കാണിച്ച ആതിഥ്യമര്യാദ ഒരിക്കലും മറക്കില്ല. അങ്ങയുടെ തെറ്റിദ്ധാരണ മാറുകയും, അക്കാര്യം മാധ്യമങ്ങളോട് തുറന്നു പറയുകയും ചെയ്തു. തീർച്ചയായും താങ്കൾ കാണിച്ച മാതൃക അനുകരണീയമാണ്.

ഏറ്റവുമവസാനം തിരുവനന്തപുരത്ത് വെച്ച് ഇഫ്താറിൽ കണ്ടുമുട്ടിയപ്പോഴും നമ്മൾ സൗഹൃദം പങ്കിട്ടത് ഓർക്കുന്നുണ്ടാകുമല്ലോ? മലപ്പുറത്തെ കുറിച്ച് അങ്ങ് നടത്തിയ പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ ഏറെ സാദ്ധ്യതയുണ്ടെന്ന് ഞാൻ ഭയപ്പെടുന്നു. 1967-ലെ ഇ.എം.എസ് സർക്കാർ മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ അതിനെതിരെ ജനസംഘം ഉയർത്തിയ മുദ്രാവാക്യത്തിന് സമാനമാണ് താങ്കളുടെ വാക്കുകൾ. കോൺഗ്രസ്സും എരിതീയിൽ എണ്ണയൊഴിച്ച് മലപ്പുറം വിരുദ്ധ നീക്കത്തിന് ശക്തി പകർന്നു. അങ്ങയെപ്പോലെ ഒരു നേതാവിൽ നിന്ന് താങ്കൾ നടത്തിയ പ്രസ്താവനയിലെ ചില വാക്കുകൾ ആരും പ്രതീക്ഷിച്ചതല്ല. പിന്നോക്ക വിഭാഗങ്ങൾ എന്ന നിലയിൽ ഈഴവരും മുസ്ലിങ്ങളും ഒരുമിച്ച് നിന്ന് പോരാടിയ ചരിത്രമാണ് കേരളത്തിൻ്റേത്.

താങ്കൾക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരിൽ നിന്ന് ഉണ്ടായിട്ടുണ്ടോ? മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോ? അവരാരെങ്കിലും അങ്ങയെ സാമ്പത്തികമായി വഞ്ചിച്ചിട്ടുണ്ടോ? മലപ്പുറത്തുകാർ കലർപ്പില്ലാത്ത സ്നേഹമുള്ളവരാണ് നടേശൻ സാർ. അവരോട് കുറച്ചു ദിവസം ഇടപഴകിയാൽ താങ്കളുടെ എല്ലാ തെറ്റിദ്ധാരണകളും മാറും. അങ്ങൊരു ശുദ്ധ പ്രകൃതക്കാരനാണ്. പറ്റിയ പിശക് തിരുത്താൻ താങ്കൾ മടി കാണിക്കാത്ത ആളാണെന്നത് എൻ്റെ നേരനുഭവമാണ്. മലപ്പുറത്തുകാരെ സംബന്ധിച്ച് താങ്കൾ ബോധപൂർവ്വമല്ലാതെ പറഞ്ഞ വാക്കുകളിൽ വന്ന അബദ്ധം തിരുത്തുമെന്ന് എനിക്കുറപ്പാണ്.

മുസ്ലിംലീഗിലെ ഏഴാംകൂലികളായ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബിനെ പോലുള്ളവരുടെ പ്രതികരണങ്ങൾ താങ്കൾ അവഗണിക്കുക. പി.സി ജോർജെന്ന വർഗ്ഗീയക്കോമരത്തോടാണ് താങ്കളെ അദ്ദേഹം ഉദാഹരിച്ചിരിക്കുന്നത്. എന്നെയും ആ ഗണത്തിലാണ് വിവരമില്ലായ്മയുടെ ആൾരൂപം ചേർത്തു വെച്ചിരിക്കുന്നത്. ലീഗിന് പോലും വേണ്ടാത്ത മുടക്കാ ചരക്കുകളുടെ പദ പ്രയോഗങ്ങളെ ആ നിലക്ക് കണ്ടാൽ മതി. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങളോ, അഖിലേന്ത്യാ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയോ എന്തെങ്കിലും പറഞ്ഞാൽ മാത്രമേ താങ്കൾ ഗൗനിക്കേണ്ടതുള്ളൂ. മലപ്പുറത്തുകാരെ വേദനിപ്പിച്ച താങ്കളുടെ പ്രസംഗഭാഗം അങ്ങ് തിരുത്തുമെന്ന വിശ്വാസത്തോടെ

സ്നേഹപൂർവ്വം

ഡോ:കെ.ടി.ജലീൽ

Content Highlights-K.T. Jaleel MLA criticizes SNDP General Secretary Vellappally Natesan for making anti-Malappuram remarks

dot image
To advertise here,contact us
dot image