
മധുര: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തിനെതിരെ സിപിഐഎം. മലപ്പുറത്തെ പ്രത്യേകമായി കാണേണ്ടതില്ലെന്നും കേരളത്തിന്റെ ഭാഗമാണ് മലപ്പുറമെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. മലപ്പുറം ഏതെങ്കിലും വിഭാഗത്തിന്റേതാണെന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'മുസ്‌ലിം വിരുദ്ധത രൂപപ്പെടുത്താനുള്ള ശ്രമമാണ് ഇത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കാണ് സ്വത്തുള്ളതെന്ന് ഓര്‍ഗനൈസര്‍ പറയുന്നു. വഖഫിനെതിരായ നീക്കം ഗുണം ചെയ്യുമെന്നാണ് ചില ക്രിസ്ത്യാനികളുടെ ധാരണ. ഇപ്പോഴത് മാറി. ആര്‍എസ്എസിന്‍റെ ഒന്നാമത്തെ ശത്രു മുസ്‌ലിം, രണ്ടാമത്തെ ശത്രു ക്രിസ്ത്യന്‍, മൂന്നാമത്തെ ശത്രു കമ്യൂണിസ്റ്റ്', എം വി ഗോവിന്ദന്‍ പറഞ്ഞു.
മലപ്പുറം പ്രത്യേക രാജ്യവും ചില പ്രത്യേക ആളുകളുടെ സംസ്ഥാനവുമാണെന്ന വിദ്വേഷ പരാമര്‍ശമാണ് വെള്ളാപ്പള്ളി നടേശന്‍ നടത്തിയത്. സ്വതന്ത്രമായ വായു ശ്വസിച്ചും അഭിപ്രായം പറഞ്ഞും മലപ്പുറത്ത് ജീവിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എസ്എന്‍ഡിപി യോഗം നിലമ്പൂര്‍ യൂണിയന്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗം.
'നിങ്ങള്‍ പ്രത്യേക രാജ്യത്തിനിടയില്‍ എല്ലാ തിക്കും നോട്ടവും ഒക്കെ പേടിച്ച് ഭയന്ന് ജീവിക്കുന്നവരാണ്. സ്വാതന്ത്ര്യത്തിന്റെ ഗുണഫലത്തിന്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങള്‍ക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവര്‍ക്കും വോട്ട് കൊടുക്കാന്‍ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തി യന്ത്രങ്ങളാണ് നമ്മള്‍. നിങ്ങള്‍ക്ക് പഠിക്കാന്‍ മലപ്പുറത്ത് കുട്ടിപ്പള്ളിക്കൂടമെങ്കിലും തരുന്നുണ്ടോ', വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളിയുടെ പരാമര്‍ശനത്തിനെതിരെ നിരവധി രാഷ്ട്രീയ നേതാക്കള്‍ രംഗത്തെത്തി.
Content Highlights: M V Govindan against Vellappally Natesan s Malappuram statement