
കൊച്ചി: എറണാകുളം വൈപ്പിനിലെ മുനമ്പത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ മുനമ്പം സ്വദേശി സനീഷിനെ അറസ്റ്റ് ചെയ്തു. മരിച്ച സ്മിനോയും സനീഷും സുഹൃത്തുക്കളാണ്. സ്മിനോയെ സനീഷ് മഴു ഉപയോഗിച്ചു തലയിൽ വെട്ടിയാണ് കൊലപ്പെടുത്തിയത്. കൊല നടത്തിയത് കവർച്ചയ്ക്ക് വേണ്ടിയാണെന്നാണ് പൊലീസിൻ്റെ നിഗമനം.
കഴിഞ്ഞ ദിവസമാണ് ചെവായി മാവുങ്കൽ സ്വദേശിയായ സ്മിനോയെ മുനമ്പത്ത് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫോൺ വിളിച്ചിട്ട് കിട്ടാതെ വന്നപ്പോൾ സ്മിനോയെ തേടി സുഹൃത്ത് വീട്ടിൽ എത്തുകയായിരുന്നു. ഈ സമയത്താണ് വീടിൻ്റെ കാർപോർച്ചിൽ സ്മിനോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുനമ്പത്തെ വീട്ടിൽ യുവാവ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ജോലിക്ക് ശേഷം സ്മിനോ വൈകി വരുന്നതിനാൽ അച്ഛനും അമ്മയും തൊട്ടടുത്തുള്ള സ്മിനോയുടെ സഹോദരൻ്റെ വീട്ടിലായിരുന്നു സംഭവം. സംഭവ സ്ഥലത്ത് നിന്ന് സ്മിനോയുടെ മാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ മോഷണ ശ്രമത്തിനിടിയിൽ യുവാവ് കൊല്ലപ്പെട്ടതാവാമെന്നായിരുന്നു പ്രാഥമിക നിഗമനം.
Content Highlights- Munambam native dies in accident; Police confirm death as murder