Big Impact: പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ നീക്കം; റൂറൽ ഡിവൈഎസ്പിയുടെ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറി

പൾസർ സുനിയുടെ നടുക്കുന്ന വെളിപ്പെടുത്തലുകൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു.

dot image

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ നീക്കം. പൾസർ സുനി ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം. എറണാകുളം റൂറൽ ഡിവൈഎസ്പിയുടെ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന്റെ അന്വേഷണസംഘത്തിന് കൈമാറി. കേസ് സംബന്ധിച്ച കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുതെന്ന വ്യവസ്ഥയാണ് ലംഘിച്ചതെന്ന് റൂറൽ എസ്പി വൈഭവ് സക്സേന റിപ്പോർട്ടറിനോട് പറഞ്ഞു.

പൾസർ സുനിയുടെ നടുക്കുന്ന വെളിപ്പെടുത്തലുകൾ റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. നടിയെ ബലാത്സംഗം ചെയ്യാന്‍ ഒന്നരക്കോടി രൂപയാണ് തനിക്ക് ദിലീപ് പ്രതിഫലമായി വാഗ്ദാനം ചെയ്തതെന്ന് പള്‍സര്‍ സുനി പറയുന്നത് ഒളിക്യാമറയില്‍ പതിഞ്ഞിരുന്നു. അക്രമം ഒഴിവാക്കാന്‍ എത്ര പണം വേണമെങ്കിലും തരാമെന്ന് അതിജീവിത പറഞ്ഞിരുന്നുവെന്നും ആ പണം വാങ്ങിയിരുന്നെങ്കില്‍ ജയിലില്‍ പോകാതെ രക്ഷപ്പെടുമായിരുന്നുവെന്നും പള്‍സര്‍ സുനി പറഞ്ഞിരുന്നു.

ദിലീപിന്റെ കുടുംബം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമായത്. അക്രമം നടക്കുമ്പോള്‍ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു താനെന്നും സുനി വെളിപ്പെടുത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നും പീഡന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും സുനി പറഞ്ഞു. പീഡന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകയ്ക്ക് നല്‍കി, എന്നാല്‍ കൈമാറിയത് പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണെന്നും ഇയാള്‍ വ്യക്തമാക്കിയിരുന്നു.

കേസില്‍ നിര്‍ണായകമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കൈവശമുണ്ടെന്ന സൂചനയും പള്‍സര്‍ സുനി നല്‍കി. ആ മൊബൈല്‍ ഫോണ്‍ എവിടെയാണെന്ന് പറയില്ലെന്നും മൊബൈല്‍ ഫോണ്‍ സൂക്ഷിച്ചത് പറയാന്‍ പറ്റാത്ത രഹസ്യമാണെന്നും സുനി പറഞ്ഞു. ഇത്രയും നാളായി ഫോണ്‍ കണ്ടെത്താത്തത് പൊലീസിന്റെ കുഴപ്പമാണെന്നും സുനി പറഞ്ഞു.

Content Highlights: Pulsar Suni's bail likely to be cancelled

dot image
To advertise here,contact us
dot image