
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. നാളെ രാവിലെ പത്ത് മണിക്കാണ് ചർച്ച നടത്തുന്നത്. എന്നാൽ തൊഴിൽ മന്ത്രിയുമായുള്ള ചർച്ചയിൽ പ്രതീക്ഷ എന്ന് ആശ വർക്കർമാർ പ്രതികരിച്ചു. മന്ത്രിയുമായുള്ളത് സമവായ ചർച്ച അല്ലയെന്നും തങ്ങളുടെ വിഷയങ്ങൾ അറിയിക്കാൻ മന്ത്രിയെ കാണുകയാണെന്നും ആശ വർക്കർമാർ പറഞ്ഞു.
പ്രശ്നം പരിഹരിക്കാൻ മന്ത്രി ഇടപെടുമെങ്കിൽ സന്തോഷമുണ്ടെന്നും സമരസമിതി നേതാവ് വി കെ സദാനന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞു. കഴിഞ്ഞ മാസം 19 ന് ലേബർ കമ്മീഷണർക്ക് സമരസമിതി കത്ത് നൽകിയിരുന്നെന്നും വി കെ സദാനന്ദൻ പറഞ്ഞു. പിന്നീട് മന്ത്രി വി ശിവകുട്ടിക്ക് മെയിൽ അയച്ചിരുന്നതായും വി കെ സദാനന്ദൻ വ്യക്തമാക്കി. ആശമാരുമായി മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ആശമാരുടെ നിരാഹാര സമരം ഇന്ന് 18ാം ദിവസം പിന്നിടുകയാണ്. രാപകൽ സമരം 56ാം ദിവസവും തുടരുകയാണ്.
എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ പുതുതായി ഒന്നുമില്ലെന്നാണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രതികരിച്ചത്. കേന്ദ്രം ഇന്‍സെന്റീവ് വര്‍ധിപ്പിക്കുന്ന കാര്യമാണ് മന്ത്രി പറയുന്നത്. അത് നേരത്തേ തന്നെ കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിട്ടുള്ള കാര്യമാണെന്നും ഓണറേറിയം വര്‍ധിപ്പിക്കുന്ന കാര്യം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ട വിഷയമല്ലെന്നാണ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദു പറഞ്ഞത്.
Content Highlight : striking asha workers Minister V Sivankutty will hold a discussion tomorrow