'ചർച്ച് ബിൽ കൊണ്ടുവരാനാണ് നീക്കം'; സുരേഷ് ഗോപി ബന്ധപ്പെട്ടിരുന്നുവെന്ന് അൽമായ മുന്നേറ്റം നേതാവ് ഷൈജു ആന്റണി

ചര്‍ച്ച് ബില്ലിനെ പിന്തുണയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നും ഷൈജു ആന്റണി

dot image

കൊച്ചി: ക്രൈസ്തവ സഭകളുടെ സ്വത്തുക്കള്‍ നിയന്ത്രിക്കുന്ന ബില്‍ കൊണ്ടുവരുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചെന്ന് അല്‍മായ മുന്നേറ്റം നേതാവ് ഷൈജു ആന്റണി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി താനുമായി സംസാരിച്ചിരുന്നു. ചര്‍ച്ച് ബില്ലിനെ പിന്തുണയ്ക്കണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടുവെന്നും ഷൈജു ആന്റണി റിപ്പോര്‍ട്ടറിന്റെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടില്‍ പറഞ്ഞു

ചര്‍ച്ച് ആക്ടിന് വേണ്ടി നടക്കുന്ന വിവിധ ഗ്രൂപ്പുകളുമായി സുരേഷ് ഗോപി സംസാരിച്ചതായും ഷൈജു ആന്റണി പറഞ്ഞു. ജസ്റ്റിസ് ജെ ബി കോശി കമ്മീഷനെ സുരേഷ് ഗോപി നേരിട്ടുപോയി കണ്ടതായാണ് മനസിലാക്കുന്നത്. ചര്‍ച്ച് ആക്ട് എത്രയും വേഗം നടപ്പിലാക്കാന്‍ സാധിക്കുമോ? അത് നടപ്പിലാക്കുന്നത് എങ്ങനെ?, അതിന്റെ സങ്കീര്‍ണതകള്‍ എന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ജെ ബി കോശി കമ്മീഷനോട് ചോദിച്ച് മനസിലാക്കിയതായാണ് അറിയുന്നത്. അവര്‍ ഇതേപ്പറ്റി നാളുകള്‍ക്ക് മുന്‍പ് തന്നെ പഠിച്ചു തുടങ്ങി. കൃത്യമായ ഒരു സമയത്ത് അവര്‍ ചര്‍ച്ച് ആക്ട് ഇംപ്ലിമെന്റ് ചെയ്യുമെന്നാണ് മനസിലാക്കുന്നതെന്നും ഷൈജു ആന്റണി പറഞ്ഞു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് ചര്‍ച്ചുകളെ കൂടി കണ്‍ട്രോള്‍ ചെയ്യുന്ന ഒരു നിയമം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി പറഞ്ഞതാണെന്നും ഷൈജു ആന്റണി പറഞ്ഞു. അതിന് വേണ്ടി പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞതായും ഷൈജു ആന്റണി വ്യക്തമാക്കി.

ഇടവകകളുടെ സ്വത്തുക്കള്‍ ജനാധിപത്യപരമായി ഭരിക്കുന്നതിനെക്കുറിച്ച് മാത്രം വ്യവസ്ഥ ചെയ്യുന്നതാണ് ചര്‍ച്ച് ആക്ട് എന്നും ഷൈജു ആന്റണി പറഞ്ഞു. ഇടവകകളുടെ സ്വത്തുക്കള്‍ക്ക് പുറമേ രൂപതകള്‍, വിവിധ സഭകള്‍ എന്നിവയ്ക്ക് അടക്കം നിരവധി സ്വത്തുക്കളുണ്ട്. ബാക്കി സ്വത്തുക്കള്‍ കൂടി കൊണ്ടുവരണമെങ്കില്‍ ചര്‍ച്ച് ബോര്‍ഡ് ഉണ്ടാക്കണം. സര്‍ക്കാരിന് കീഴിലുള്ള ചര്‍ച്ച് ബോര്‍ഡാണെങ്കില്‍, വഖഫ് ബോര്‍ഡില്‍ അമുസ്‌ലിം അംഗങ്ങള്‍ എന്ന പോലെ ആളുകളെ വെയ്ക്കാം. അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും ഷൈജു ആന്റണി പറഞ്ഞു.

സഭയിലെ പുഴുക്കുത്തുക്കളുമായി തങ്ങൾക്ക് പല വിധത്തിലും വിയേജിപ്പുകളുണ്ട്. എന്നാല്‍ സഭയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന്റെ പ്രതിനിധികളോ സംവിധാനമോ കൊണ്ടുവന്ന് നിയന്ത്രിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നും ഷൈജു ആന്റണി കൂട്ടിച്ചേര്‍ത്തു.

Content Highlights- almaya munnettam leader shaiju antony against suresh gopi

dot image
To advertise here,contact us
dot image