
തിരുവനന്തപുരം: ബിഷപ്പുമാര്‍ക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വഖഫ് ബില്ലിനെ പിന്തുണയ്ക്കാന്‍ ബിഷപ്പുമാര്‍ അത്യാവേശം കാട്ടിയെന്ന് അദ്ദേഹം വിമര്‍ശിച്ചു. ബിഷപ്പുമാര്‍ക്ക് അപ്പോള്‍ തന്നെ മറുപടിയും കിട്ടിയെന്നും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു.
'രാജ്യത്തെ വൈദികര്‍ക്കെതിരായ അതിക്രമം കൃത്യമായ സൂചനയാണ്. ക്രൈസ്തവര്‍ ആര്‍എസ്എസിന്റെ പ്രഖ്യാപിത ശത്രുവാണ്. ഓര്‍ഗനൈസര്‍ തുടര്‍ച്ചയായി ക്രൈസ്തവരെ ടാര്‍ഗറ്റ് ചെയ്യുന്നു. ഒരു ഭൂമിയും ആര്‍ക്കും വിട്ടുകൊടുക്കാന്‍ ആര്‍എസ്എസ് തയ്യാറല്ല. ബിജെപിയുടെ കള്ളച്ചിരിയില്‍ ചിലര്‍ വീണു പോയി. ബിജെപി ആട്ടിന്‍ തോലണിഞ്ഞ ചെന്നായയാണെന്ന് ഇവര്‍ വൈകാതെ മനസ്സിലാക്കും', ബിനോയ് വിശ്വം പ്രതികരിച്ചു.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തെയും ബിനോയ് വിശ്വം വിമര്‍ശിച്ചു. ബിജെപിക്ക് ഉപയോഗിക്കാന്‍ പറ്റുന്ന പ്രസ്താവന വെള്ളാപ്പള്ളി നടത്താന്‍ പാടില്ലായിരുന്നു. പ്രസ്താവന ശ്രീനാരായണ ധര്‍മ്മങ്ങളുടെ പരിധിക്ക് അകത്തു നില്‍ക്കുന്നതല്ല. ശ്രീനാരായണഗുരു വര്‍ഗീയ ഭ്രാന്തിന്റെ കൂടെ നില്‍ക്കില്ല. ബിജെപി രാഷ്ട്രീയത്തെ വെള്ളപൂശാന്‍ വേണ്ടിയുള്ളതല്ല നവോത്ഥാന സമിതി. ആര്‍എസ്എസിന്റെ വര്‍ഗീയ ഭ്രാന്തിനെ ശരിവെക്കാന്‍ വേണ്ടിയുമല്ല ഇതെന്നും ഇനിയും സമിതി പ്രസിഡന്റായി തുടരുന്നത് ഔചിത്യ പൂര്‍ണമാണോ എന്ന് വെള്ളാപ്പള്ളി സ്വയം ആലോചിക്കണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
Content Highlights: Binoy Viswam criticizes bishops' stance on Waqf Bill