വീട്ടിലെ പ്രസവം: മനപൂർവമായ നരഹത്യ തന്നെയെന്ന് മന്ത്രി വീണാ ജോർജ്

ഈ വിഷയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു

dot image

കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം മനപൂർവമായ നരഹത്യ തന്നെയെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചില കാര്യങ്ങൾ ബോധപൂർവ്വം മറച്ചുവെയ്ക്കുകയാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വീണാ ജോർജ് പ്രതികരിച്ചു. കേരളത്തിൽ ഒരു ലക്ഷം പ്രസവം നടക്കുമ്പോൾ 19 അമ്മമാരാണ് മരണപ്പെടുന്നത്. 19 ലേക്ക് എത്തിയത് വലീയ പ്രയത്നംത്തിലൂടെയാണെന്നും മന്ത്രി വ്യക്തമാക്കി.ഈ വിഷയത്തിൽ എല്ലാവരെയും പങ്കെടുപ്പിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും മന്ത്രി പറഞ്ഞു.

യുവതിയുടെ മരണം അമിത രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അസ്മയ്ക്ക് കൃത്യസമയത്ത് ശുശ്രൂഷ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യാക്കുറ്റം ചുമത്തും.

കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ അസ്മ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മൃതദേഹം സിറാജുദ്ദീന്‍ അസ്മയുടെ ജന്മനാടായ പെരുമ്പാവൂരില്‍ എത്തിച്ചു. ഇത് അസ്മയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

അസ്മ ജന്മം നല്‍കിയ കുഞ്ഞ് നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക് വിഭാഗത്തില്‍ നിയോ നേറ്റല്‍ എന്‍ഐസിയുവില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ ശരീരത്ത് പ്രസവ സമയത്തുണ്ടായിരുന്ന രക്തം പോലും തുടച്ചു കളയാതെയാണ് ഇയാള്‍ മലപ്പുറത്ത് നിന്ന് പെരുമ്പാവൂര്‍ വരെ കുഞ്ഞിനെ എത്തിച്ചതെന്ന് അസ്മയുടെ കുടുംബം ആരോപിച്ചിരുന്നു. പായയില്‍ പൊതിഞ്ഞാണ് അസ്മയുടെ മൃതദേഹം ആംബുലന്‍സിലെത്തിച്ചതെന്നും കുടുംബം ആരോപിച്ചിരുന്നു.

അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങള്‍ ആശുപത്രിയില്‍വെച്ചായിരുന്നു നടന്നത്. ഇതിന് ശേഷം സിറാജുദ്ദീന്‍ അക്യുപങ്ചര്‍ പഠിക്കുകയും പ്രസവം വീട്ടില്‍ നടത്തുകയുമായിരുന്നു. അസ്മയുടെ മൂത്ത കുട്ടിക്ക് പതിനാല് വയസ് മാത്രമാണ് പ്രായം. അമ്മയുടെ വിയോഗം തിരിച്ചറിഞ്ഞിരിക്കുന്നത് മൂത്ത മകൻ മാത്രമാണ്. മറ്റ് കുട്ടികള്‍ അമ്മയില്ലാത്തതിന്റെ അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങിയതായി അസ്മയുടെ ബന്ധുക്കള്‍ പറഞ്ഞു.

Content Highlight : Health Minister Veena George says that home birth is intentional homicide

dot image
To advertise here,contact us
dot image