നടിയെ ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഡിവിഷൻ ബെഞ്ചും തള്ളി

സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപിന്റെ ഹര്‍ജി

dot image

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും തള്ളി. വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി.

നേരത്തെ സിംഗിള്‍ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരസിച്ചതിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു. അതേസമയം സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. 2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഹര്‍ജി ദിലീപ് നല്‍കിയിട്ടെന്നും കേസിന്റെ പുരോഗതിയില്‍ ദിലീപ് പോലും താല്‍പര്യം കാണിച്ചിരുന്നില്ലെന്നും അങ്ങനെയൊരു കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്.

2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കേസില്‍ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ വിധി വരും.

Content Highlights: Kerala High Court Division bench rejects Dileep s plea seeking CBI probe in Actress attack case

dot image
To advertise here,contact us
dot image