
കൊല്ലം: ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആർഎസ്എസിന്റെ ഗണഗീതം പാടിയത്. കോട്ടുക്കൽ സ്വദേശി പ്രതിൻരാജിൻ്റെ പരാതിയിൽ കടയ്ക്കൽ പൊലീസാണ് കേസെടുത്തത്.
നാഗർകോവിൽ നൈറ്റ് ബേർഡ്സ് എന്ന ഗാനമേള ട്രൂപ്പിലെ പാട്ടുകാരാണ് കേസിൽ ഒന്നാം പ്രതികൾ. ക്ഷേത്ര ഉപദേശക സമിതി അംഗങ്ങൾക്കെതിരെയും ഉത്സവ കമ്മിറ്റിക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഗാനമേളയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പ്രകീർത്തിക്കുന്ന ഗാനം പാടിയെന്നാണ് എഫ്ഐആറിലുള്ളത്.
സംഭവത്തിൽ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞിരുന്നു. ഉപദേശകസമിതി പിരിച്ച് വിടുന്നതടക്കമുള്ള നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ദേശഭക്തിഗാനമാണ് ആലപിച്ചതെന്നായിരുന്നു ഉത്സവ കമ്മിറ്റി കഴിഞ്ഞ ദിവസം നൽകിയ വിശദീകരണം.
മാര്‍ച്ച് 10-ന് കടയ്ക്കൽ ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷിയുടെ സംഗീത പരിപാടിയിൽ വിപ്ലവ ഗാനം ആലപിച്ചത് വിവാദമായിരുന്നു. പ്രചാരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമായിരുന്നു ഉയർന്നത്.
Content Highlights: police case filed against the incident of singing Gana Geet in the temple