
കൊല്ലം: ക്ഷേത്രോത്സവ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ചെന്ന പരാതിയിൽ തിരുവതാംകൂറ് ദേവസ്വം ബോർഡ് വിശദീകരണം തേടി. ക്ഷേത്രോപദേശക സമിതിയോടാണ് ദേവസ്വം ബോർഡ് വിശദീകരണം തേടിയത്. എന്നാൽ ക്ഷേത്രത്തിൽ ആലപിച്ചത് ഗണഗീതമല്ലെന്നും ദേശഭക്തിഗാനമാണെന്നും ഉപദേശക സമിതി അറിയിച്ചു.
കടയ്ക്കൽ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാന വിവാദം നടക്കുന്നതിനിടിയിലാണ് സംഭവം. ഉപദേശക സംഘത്തിലെ തന്നെ അംഗമായ അഖിലിൻ്റെ പരാതിയിലാണ് നടപടി. വഴിയിൽ കെട്ടിയ കൊടികൾ ആർഎസ്എസിൻ്റെ കൊടിയാണെന്ന വിമർശനം നിലനിന്നിരുന്നു. എന്നാൽ കെട്ടിയത് കൊടിയല്ലെന്നും പട്ടാണെന്നുമായിരുന്നു ക്ഷേത്രോപദേശക കമ്മിറ്റിയുടെ മറുപടി. കോട്ടുക്കൽ മഞ്ഞിപ്പുഴ ശ്രീ ഭഗവതി ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് ആർഎസ്എസിന്റെ ഗണഗീതം പാടിയത്.
മാര്‍ച്ച് 10-ന് കടയ്ക്കൽ ദേവീ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഗായകന്‍ അലോഷിയുടെ സംഗീത പരിപാടിയിൽ വിപ്ലവ ഗാനം ആലപിച്ചത് വിവാദമായിരുന്നു. പ്രചരണ ഗാനങ്ങള്‍ക്കൊപ്പം സ്റ്റേജിലെ എല്‍ഇഡി വാളില്‍ ഡിവൈഎഫ്‌ഐയുടെ കൊടിയും സിപിഐഎമ്മിന്റെ ചിഹ്നവുമുണ്ടായിരുന്നു. ഗാനം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമായിരുന്നു ഉയർന്നത്.
Content Highlights- RSS Ganesha chanting during temple festival; Devaswom Board seeks explanation