
തിരുവനന്തപുരം: അഫാനല്ല തനിക്കാണ് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതെന്ന് വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ഉമ്മ ഷെമി. അഫാൻ ആപ്പ് വഴി ലോൺ എടുത്തിരുന്നു. തലേദിവസവും ലോൺ തിരിച്ചു ചോദിച്ചു പലരും വിളിച്ചിരുന്നുവെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 25 ലക്ഷം രൂപയുടെ ബാധ്യതയാണ് ഉണ്ടായിരുന്നത്. പലപ്പോഴും അഫാൻ പണം ചോദിച്ചിരുന്നുവെന്നും കൈയിലുള്ളതെല്ലാം കൊടുത്തെന്നും മാതാവ് പറഞ്ഞു.
അന്നത്തെ ദിവസം തനിക്ക് ഓർമ്മയില്ലെന്നും കാലത്ത് മകനെ സ്കൂളിൽ വിട്ട കാര്യമേ ഓർമ്മയുള്ളൂ എന്നും ഷെമി പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോഴാണ് കുടുംബത്തിൽ പ്രശ്നം ഉണ്ടാകുന്നത്. പലപ്പോഴായി തിരിച്ചടക്കാൻ പൈസ റോൾ ചെയ്യുകയും ഭർത്താവ് അയക്കുന്ന പണമൊക്കെ എടുത്ത് അഡ്ജസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല ഫർസാനയുമായുള്ള കല്യാണത്തിന് കുടുംബം എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ലെന്നും അവരുടെ ഇഷ്ടമെന്നായിരുന്നു താൻ പറഞ്ഞിരുന്നത് എന്നും ഉമ്മ ഓർത്തെടുത്തു.
അതേസമയം തനിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും പക്ഷെ ഇത്ര വലിയ കടം ഉള്ളത് അറിയില്ലായിരുന്നുവെന്നും അഫാന്റെ ഉപ്പയും പറഞ്ഞു. എന്തിനാണ് അഫാൻ ലോണെടുത്തത് എന്ന് അറിയില്ല. തന്നോട് അതിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നും അഫാന്റെ പിതാവ് പറഞ്ഞു. കുഞ്ഞമ്മയുടെ അടുത്ത് പോയി തലേദിവസം 50,000 രൂപ ചോദിച്ചിരുന്നുവെന്നും ഉപ്പ പറഞ്ഞു. അഫാന്റെ ഉമ്മ ഇതുവരെ മാനസികമായി ഓക്കേ ആയിട്ടില്ല എന്നും പിതാവ് കൂട്ടിചേർത്തു.
Content Highlights:Shami says Affan had no financial obligations