പാലക്കാട് ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന; പടക്കം പൊട്ടിച്ച് തിരികെ കാട്ടിലേക്ക് കയറ്റി

കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍

dot image

പാലക്കാട്: ചുള്ളിമട ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന. ഇന്നലെ രാത്രി 10 മണിയോടെയാണ് ഒറ്റയാനെത്തിയത്. പ്രദേശവാസികളും വനംവകുപ്പും ചേര്‍ന്ന് പടക്കം പൊട്ടിച്ചാണ് കാട്ടാനയെ തിരികെ കാട്ടിലേക്ക് കയറ്റിയത്. കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പ്രതികരിച്ചു. ആന ഉള്‍ക്കാട്ടിലേക്ക് പോയിട്ടില്ലെന്നും പ്രദേശത്ത് നിരീക്ഷണം തുടരുന്നതായും വനംവകുപ്പ് അറിയിച്ചു.

അതേസമയം ഇന്നലെ കാട്ടാന ആക്രമണത്തില്‍ മരിച്ച അലന്റെ പോസ്റ്റ്‌മോട്ടം ഇന്ന് നടക്കും. അലന്റെ അമ്മ ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. മുണ്ടൂര്‍ പഞ്ചായത്ത് പരിധിയില്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ഇന്ന് ഉച്ചവരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മുണ്ടൂര്‍ കയറാം കോട് മേഖലയില്‍ കാട്ടാനകള്‍ നിലയുറപ്പിച്ചിട്ടും, ജനങ്ങള്‍ക്ക് വിവരം അറിയിക്കുന്നതില്‍ വനം വകുപ്പിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിച്ചാണ് സിപിഐഎം പ്രതിഷേധം. ഇന്ന് രാവിലെ 10 മണിക്ക് ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിഎഫ്ഒയുടെ ഓഫീസും ഉപരോധിക്കും.

മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ മരിച്ചത് നാല് പേരാണ്. ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേരാണ് മുണ്ടൂര്‍ മേഖലയില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചതെന്നാണ് വനംവകുപ്പിന്റെ കണക്ക്. വനംവകുപ്പ് വാച്ചര്‍മാര്‍ ഉള്‍പ്പടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഏക്കര്‍ കണക്കിന് കൃഷി കാട്ടാന ആക്രമണത്തില്‍ നശിച്ചുവെന്നും വന്യമൃഗ ശല്യം തടയാന്‍ വനാതിര്‍ത്തികളില്‍ സ്ഥാപിച്ച പ്രതിരോധമാര്‍ഗങ്ങള്‍ കാര്യക്ഷമമല്ലെന്നും നാട്ടുകാര്‍ പറയുന്നു.

Content Highlights: Wild elephants spotted again in Palakkad residential area

dot image
To advertise here,contact us
dot image