'ഹിന്ദുത്വ വെട്ടിമാറ്റുന്ന വംശഹത്യാ ചരിത്രം';എമ്പുരാനെതിരെയുള്ള സംഘപരിവാർ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ സംവാദം

ഇന്ന് വൈകീട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന ടേബിള്‍ ടോക്കില്‍ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക - ധൈഷണിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും

dot image

തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച എമ്പുരാന്‍ സിനിമയ്ക്കെതിരായ സംഘപരിവാര്‍ ആക്രമണങ്ങളുടെയും ഭരണകൂട നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ സംവാദ സദസ്സുമായി ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ. 'ഹിന്ദുത്വം വെട്ടിമാറ്റുന്ന വംശഹത്യാ ചരിത്രം' എന്ന പേരില്‍ ഇന്ന് വൈകീട്ട് 4.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ വെച്ച് നടക്കുന്ന ടേബിള്‍ ടോക്കില്‍ കലാ സാഹിത്യ സാമൂഹിക സാംസ്‌കാരിക - ധൈഷണിക മേഖലയിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും.

സിനിമയുടെ പശ്ചാത്തലത്തില്‍ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ വംശ ശുദ്ധീകരണ പ്രക്രിയകളെ കുറിച്ച് ഒരിക്കല്‍ കൂടി ജനതയെ ഓര്‍മ്മിപ്പിക്കുവാനും കലാലോകത്തെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിലനിര്‍ത്തുവാനും വേണ്ടിയാണ് ഇത്തരമൊരു സംവാദ പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടക സമിതിക്ക് വേണ്ടി ശ്രീജ നെയ്യാറ്റിന്‍കര, ഡോ. വിനീത വിജയന്‍ എന്നിവര്‍ അറിയിച്ചു.

2002 ഗുജറാത്ത് വംശഹത്യയെ വളരെ നാമമാത്രമായി പരാമര്‍ശിക്കുന്ന 'എമ്പുരാന്‍' സിനിമയെ ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടം ഭീഷണിയുടേയും, അധികാരത്തിന്റേയും ബലത്തില്‍ സെന്‍സര്‍ ചെയ്തിരിക്കുകയാണെന്നും സംഘാടക സമിതി പറഞ്ഞു. വെറുമൊരു ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രമല്ല ഇത്. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ തകര്‍ക്കുന്ന രീതിയാണ്. ഹിന്ദുത്വ ഫാസിസ്റ്റുകള്‍ നടത്തിയ വംശഹത്യയെ 23 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും രാജ്യത്തെ ജനങ്ങള്‍ സിനിമയിലൂടെ ഓര്‍മ്മിച്ചിരിക്കുകയാണ്. ഓര്‍മ്മകളെ ഭയപ്പെടുന്നവരാണ് ഇന്നോളം നിലനിന്ന ലോകത്തെ എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളുമെന്നും സംഘാടക സമിതി പറഞ്ഞു.

Content Highlights: Anti fascist group holds debate in wake of Sangh Parivar attacks on Empuran movie

dot image
To advertise here,contact us
dot image