'കോണ്‍ഗ്രസും യുഡിഎഫും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് സജ്ജം'; കോണ്‍ഗ്രസ്

കോണ്‍ഗ്രസ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന് കെപിസിസി നല്‍കിയിരുന്നു.

dot image

നിലമ്പൂര്‍: കോണ്‍ഗ്രസും യുഡിഎഫും ഉപതിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് എ പി അനില്‍കുമാര്‍ എംഎല്‍എ. 2016ല്‍ നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിനാണ് മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ നിയോജക മണ്ഡലം കോണ്‍ഗ്രസ് നേതൃതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു. നിലമ്പൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ പാലോളി മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്, ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, സോണി സെബാസ്റ്റിയന്‍, പി കെ സലീം, ബാബു തോപ്പില്‍, എന്‍ എ കരീം, വി എ കരീം, പി പുഷ്പവല്ലി, എ ഗോപിനാഥ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല രാഷ്ട്രീയകാര്യ സമിതി അംഗം എ പി അനില്‍കുമാറിന് കെപിസിസി നല്‍കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ പി അനില്‍ കുമാറിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്.

മണ്ഡലത്തിലെ ഓരോ പഞ്ചായത്തുകളുടെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കും. ഡിസിസി അധ്യക്ഷന്‍ വി എസ് ജോയിയുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ ആരംഭിച്ചിരുന്നു. യുഡിഎഫ് നേട്ടമുണ്ടാക്കിയ പുതുപ്പള്ളി, പാലക്കാട്, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകളിലേതിന് സമാനമായി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകണമെന്ന തീരുമാനത്തിലാണ് കെപിസിസി. വാര്‍ഡ് തലങ്ങളില്‍ കൃത്യമായ ഏകോപനം ഉണ്ടാവണമെന്ന നിര്‍ദേശം നേതൃത്വം നല്‍കിയിട്ടുണ്ട്.

ഏപ്രില്‍ ഒടുവിലോ മെയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. ജനുവരി 13 ന് പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതോടെയാണ് തിരഞ്ഞെടുപ്പിന് വഴിവെച്ചത്. സിപിഐഎമ്മില്‍ നിലമ്പൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല എം സ്വരാജിനാണ് നല്‍കിയിട്ടുള്ളത്.

Content Highlights: 'Congress and UDF are ready for Nilambur by-election'; Congress

dot image
To advertise here,contact us
dot image