അക്യുപങ്ചറിന്റെ പേരിൽ ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘം കേരളത്തിൽ വ്യാപകം;പോളിയോ ഒഴിവാക്കാനും നിർദേശം

രോഗികള്‍ ആയി എത്തുന്നവര്‍ പിന്നീട് അക്യുപഞ്ചറിസ്റ്റ് ആയി മാറുന്ന സാഹചര്യവുമുണ്ടാകുന്നുണ്ട്

dot image

മലപ്പുറം: അക്യുപങ്ചറിന്റെ പേരില്‍ വ്യാജ ചികിത്സ വ്യാപകം. ഇതിലൂടെ അശാസ്ത്രീയ രീതിയിലുള്ള വീട്ടിലെ പ്രസവത്തിന് പ്രചാരണം ഏറുന്നു. അക്യുപഞ്ചറിന്റെ പേരില്‍ ഗാര്‍ഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന സംഘം സംസ്ഥാനത്ത് വ്യാപകമാകുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

മലപ്പുറത്ത് ഈയടുത്ത് വീട്ടില്‍ പ്രസവിച്ചവരുടെ സംഗമം ചേരുകയും വീട്ടില്‍ പ്രസവം നടത്തിയവര്‍ക്ക് ആദരവും അവാര്‍ഡ് ദാനവും നടത്തിയിട്ടുണ്ട്. ഗാര്‍ഹിക പ്രസവങ്ങള്‍ വര്‍ധിപ്പിക്കണമെന്നാണ് ഇത്തരം സംഘാടകര്‍ സൂചിപ്പിക്കുന്നത്. പോളിയോ ഉള്‍പ്പെടെ ഒഴിവാക്കാനും ഇക്കൂട്ടര്‍ നിര്‍ദേശിക്കുന്നുണ്ട്.


എന്നാല്‍ പരിപാടിക്കെതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടി എടുത്തിട്ടില്ല. സമൂഹ മാധ്യമങ്ങളിലൂടെയും വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രചാരണം നടക്കുന്നുണ്ട്. 'വീട്ടില്‍ പ്രസവിച്ചവര്‍' എന്ന പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയും ആശയവിനിമയം നടക്കുന്നു. പതിനായിരത്തിലധികം രൂപയാണ് ഇത്തരം വ്യാജ ചികിത്സക്ക് വാങ്ങുന്നത്. 2024-25ല്‍ മലപ്പുറം ജില്ലയില്‍ 191 ഗാര്‍ഹിക പ്രസവങ്ങള്‍ നടന്നതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ രീതിയില്‍ പ്രസവിച്ച 18 കുട്ടികള്‍ക്കും രണ്ട് അമ്മമാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. മലപ്പുറം ചട്ടിപ്പറമ്പില്‍ മരിച്ച അസ്മയാണ് ഒടുവിലെ ഇര. അടിസ്ഥാന വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് വ്യാജ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. രോഗികള്‍ ആയി എത്തുന്നവര്‍ പിന്നീട് അക്യുപഞ്ചറിസ്റ്റ് ആയി മാറുന്ന സാഹചര്യവുമുണ്ടാകുന്നുണ്ട്.

അതേസമയം അസ്മയുടെ മരണത്തില്‍ ഭര്‍ത്താവ് സിറാജുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി നരഹത്യാക്കുറ്റം ചുമത്തി. യുവതിയുടെ മരണം അമിത രക്തസ്രാവം മൂലമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അസ്മയ്ക്ക് കൃത്യസമയത്ത് ശുശ്രൂഷ ലഭിച്ചിരുന്നില്ല. ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആയിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്.

ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടില്‍ അസ്മ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കാന്‍ സിറാജുദ്ദീന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ അസ്മ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മൃതദേഹം സിറാജുദ്ദീന്‍ അസ്മയുടെ ജന്മനാടായ പെരുമ്പാവൂരില്‍ എത്തിച്ചു. ഇത് അസ്മയുടെ ബന്ധുക്കളുടെ പ്രതിഷേധത്തിന് കാരണമായി. തുടര്‍ന്ന് പൊലീസ് ഇടപെട്ട് മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Content Highlights: Home Birth cases increase in Kerala

dot image
To advertise here,contact us
dot image