'പുലിമടയിലാണ് കോണ്‍ഗ്രസ് സമ്മേളനം'; ഗുജറാത്ത് അടുത്ത തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്ന് രമേശ് ചെന്നിത്തല

ഇന്‍ഡ്യാമുന്നണിക്ക് എംഎ ബേബി ഗുണം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

dot image

അഹമ്മദാബാദ്: പുലിമടയിലാണ് കോണ്‍ഗ്രസ് സമ്മേളനം നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മോദിക്കും അമിത്ഷായ്ക്കും ഗുജറാത്ത് എഴുതി നല്‍കിയിട്ടില്ല. ഗുജറാത്ത് അടുത്തതവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ രമേശ് ചെന്നിത്തല പറഞ്ഞു.

വഖഫ് നിയമത്തിനെതിരേ കോണ്‍ഗ്രസ് കടുത്ത പ്രതിഷേധത്തിലാണ്. ലോക്‌സഭയില്‍ രാഹുല്‍ഗാന്ധി പ്രസംഗിച്ചില്ല എന്നത് വിവാദമാക്കേണ്ട. ഇന്‍ഡ്യാമുന്നണിയെ വഖഫ് ഭേദഗതിക്കെതിര അണിനിരത്തിയത് രാഹുല്‍ഗാന്ധിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പിണറായി വിജയന്‍ പറയുന്നത് പോലെയാണ് എം എ ബേബി ചെയ്യുന്നത്. ഇനി എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നറിയില്ല. ഇന്‍ഡ്യാമുന്നണിക്ക് എംഎ ബേബി ഗുണം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് തലമുറമാറ്റം നടന്നുകൊണ്ടിരിക്കുകയാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സച്ചിന്‍ പൈലറ്റ് പറഞ്ഞിരുന്നു. ഗുജറാത്തില്‍ എഐസിസി സമ്മേളനം നടക്കാനിരിക്കുന്നതിന് മുന്‍പാണ് സച്ചിന്‍ പൈലറ്റിന്റെ ഈ വാക്കുകള്‍. യുവനേതാക്കള്‍ തങ്ങളെ ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് സച്ചിന്‍ ഇക്കാര്യം പറഞ്ഞത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ചില സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടിട്ടുണ്ടാകാമെങ്കിലും പോരാടാനുള്ള നിശ്ചയദ്ധാര്‍ഡ്യമോ വീര്യമോ നഷ്ടപ്പെട്ടിട്ടില്ലെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. ഗുജറാത്തില്‍ പഴയ പ്രതാപം തിരിച്ചുപിടിക്കുന്നതിനും പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും ശ്രമിക്കുന്നതിനിടെയാണ് എഐസിസി സമ്മേളനം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ ഒരു തലമുറമാറ്റം നടക്കുകയാണ്. അത് ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോള്‍ നടക്കുന്ന ഒന്നല്ലെന്നും ക്രമേണ നടക്കുന്നതാണ്. പിന്നാക്ക വിഭാഗള്‍, യുവജനങ്ങള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവരെ ശക്തിപ്പെടുത്തുക എന്നത് പാര്‍ട്ടി ഉത്തരവാദിത്തമായി എടുത്തിരിക്കുന്ന ഒന്നാണ്. നമ്മുടെ ജനസംഖ്യയുടെ വലിയ വിഭാഗമായ ഇവരുടെ മതിയായ പ്രാതിനിധ്യം വളരെ പ്രധാനപ്പെട്ട ഒന്നാണെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

'പാര്‍ട്ടി സംഘടന കാര്യങ്ങളില്‍ ഞങ്ങള്‍ ഉദയ്പൂര്‍ പ്രഖ്യാപനം അംഗീകരിക്കുകയും അത് പാലിക്കുകയും ചെയ്യുന്നു. എല്ലാ പാര്‍ട്ടി നിയമനങ്ങളിലും ആ പ്രഖ്യാപനം മനസ്സില്‍ സൂക്ഷിച്ചാണ് ഇടപെടുന്നത്.', സച്ചിന്‍ പൈലറ്റ് പറഞ്ഞു. തലമുറ മാറ്റം വളരെ സ്വാഭാവികമായി സംഭവിക്കുകയാണ്. പാര്‍ലമെന്റിലും പുറത്തും സംസ്ഥാനങ്ങളിലും എഐസിസി നിയോഗിച്ച പുതിയ നേതാക്കളടക്കം നിരവധി പേര്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നു. യുവജനങ്ങള്‍ നേതൃപദവികള്‍ ഏറ്റെടുക്കുകയും ഉത്തരവാദിത്തങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നുവെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു.

പാര്‍ട്ടി സംഘടന കാര്യത്തില്‍ വിവിധ വിഭാഗങ്ങളിലും പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, എന്‍എസ്‌യു, സേവാദള്‍, മഹിളാ കോണ്‍ഗ്രസ് തുടങ്ങി എല്ലാ കാര്യങ്ങളിലും രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും പ്രിയങ്ക ഗാന്ധിയും ഇടപെടുന്നുണ്ടെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. '2025 പാര്‍ട്ടി കേഡര്‍മാരെ പുതുക്കിപണിയുന്നതിനും ആവേശഭരിതരാക്കാനുമുള്ള വര്‍ഷമായാണ് ഞങ്ങള്‍ കണക്കാക്കുന്നത്. പ്രത്യയശാസ്ത്രപരമായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ പോവുകയാണ്. ഉത്തരവാദിത്തപ്പെട്ട ആളുകള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നല്‍കാന്‍ പോവുകയാണ്. കഠിനാധ്വാനം ചെയ്യുന്നവരും നന്നായി പ്രവര്‍ത്തിക്കുന്നവരും പ്രവര്‍ത്തിക്കാത്തവരെ മറികടന്ന് മുന്‍നിരയിലേക്ക് വരുന്നത് നിങ്ങള്‍ക്ക് കാണാനാവും.', സച്ചിന്‍ പൈലറ്റ് പറഞ്ഞു.

Content Highlights: Ramesh Chennithala says Congress will win Gujarat again next time

dot image
To advertise here,contact us
dot image