ഷെറിന് ശിക്ഷ ഇളവില്ലെന്ന് ഉറപ്പായി, പരോൾ നൽകിയത് ഈ സാഹചര്യത്തിൽ

ഷെറിൻ്റെ ശിക്ഷയിളവിനെ സംബന്ധിച്ച് എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം ഉപേക്ഷിച്ചത്

dot image

തിരുവനന്തപുരം: ഭാസ്കര കാരണവര്‍ കേസിലെ പ്രതി ഷെറിന് ശിക്ഷ ഇളവില്ലെന്ന് ഉറപ്പായി. അതേ സമയം, ഷെറിന് 15 ദിവസത്തേക്ക് ജയിൽ വകുപ്പ് പരോൾ അനുവദിച്ചിട്ടുണ്ട്. മൂന്നുദിവസ യാത്രയ്ക്കും അനുമതിയുണ്ട്. ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാല്‍ തീരുമാനം വലിയ വിവാദമായിരുന്നു. ഷെറിൻ്റെ ശിക്ഷയിളവിനെ സംബന്ധിച്ച് എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം ഉപേക്ഷിച്ചത്. പിന്നാലെ മന്ത്രിസഭ തീരുമാനം മരവിപ്പിക്കുകയായിരുന്നു. ജയിലിൽ ഷെറിൻ സഹതടവുകാരിയെ ആക്രമിച്ചിരുന്നതും തീരുമാനം മാറ്റാൻ കാരണമായി.

14 വര്‍ഷത്തെ ശിക്ഷാകാലയളവിനുള്ളില്‍ ഇതുവരെ 500 ദിവസം ഷെറിന് പരോള്‍ ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നകാലത്തും ഷെറിന് ആദ്യം മുപ്പതുദിവസവും പിന്നീട് ദീര്‍ഘിപ്പിച്ച് 30 ദിവസവും കൂടി പരോള്‍ ലഭിച്ചിരുന്നു. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചായിരുന്നു ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ ജയില്‍ ഉപദേശകസമിതി ശിപാര്‍ശ ചെയ്തത്.

എന്നാല്‍, മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ കണ്ണൂര്‍ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് ഷെറിനെതിരെ പൊലീസ് കേസെടുത്തത് തിരിച്ചടിയായി.

ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ് ചെയ്യാനാണ് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചത്. 14 വര്‍ഷം തടവ് പൂര്‍ത്തീകരിച്ച സാഹചര്യത്തിലും സ്ത്രീയെന്ന പരിഗണനയും നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷെറിന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവു ചെയ്ത് ജയില്‍മോചനത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കിയത്. തന്റെ മകന്‍ പുറത്തുണ്ടെന്നും അപേക്ഷയില്‍ ഷെറിന്‍ സൂചിപ്പിച്ചിരുന്നു.

2009 നവംബര്‍ ഏഴിനാണ് ഷെറിന്റെ ഭര്‍തൃപിതാവ് ചെറിയനാട് തുരുത്തിമേല്‍ കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവരെ മരുമകള്‍ ഷെറിന്‍ കൊലപ്പെടുത്തിയത്. ശാരീരിക വെല്ലുവിളികളുള്ള ഭാസ്‌കര കാരണവറുടെ ഇളയമകന്‍ ബിനു പീറ്ററിന്റെ ഭാവി സുരക്ഷിതമാക്കാനും ഷെറിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുമായിരുന്നു 2001ല്‍ ഇവര്‍ വിവാഹിതരായത്. പക്ഷേ ഷെറിന്റെ ബന്ധങ്ങളും ദാമ്പത്യപൊരുത്തക്കേടുകളും പുറത്തറിഞ്ഞതോടെയാണ് ഭര്‍തൃപിതാവിനെ ഷെറിന്‍ കൊലപ്പെടുത്തിയത്.

2010 ജൂണ്‍ 11നാണ് മാവേലിക്കര അതിവേഗ കോടതി ഷെറിനെ ശിക്ഷിച്ചത്. തുടര്‍ന്ന് ഷെറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വൈകാതെ ഇവരെ നെയ്യാറ്റിന്‍കര വനിതാ ജയിലിലേക്കു മാറ്റി. അവിടെ മൊബൈല്‍ ഫോണ്‍ അനധികൃതമായി ഉപയോഗിച്ചത് പിടികൂടിയതോടെ അച്ചടക്ക നടപടിയുടെ ഭാഗമായി 2015 മാര്‍ച്ചില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. ഇവിടെ വെച്ച് വെയില്‍ കൊള്ളാതിരിക്കാന്‍ ഇവര്‍ക്കു ജയില്‍ ഡോക്ടര്‍ കുട അനുവദിച്ചതു വലിയ വിവാദമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും ഷെറിനെതിരെ പരാതി ഉണ്ടായി. പിന്നീട് 2017 മാര്‍ച്ചില്‍ തിരുവനന്തപുരം വനിതാ ജയിലിലേക്കു മാറ്റിയിരുന്നു.

Content Highlights-Sherin's sentence will not be commuted, and parole was granted under these circumstances.

dot image
To advertise here,contact us
dot image