
നിലമ്പൂർ: വെള്ളാപ്പള്ളി നടേശന് വാടക ഇല്ലാതെ താമസിക്കാൻ മലപ്പുറത്ത് വീട് നൽകാമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽഹമീദ് എംഎൽഎ. മലപ്പുറം ജില്ലയ്‌ക്കെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മലപ്പുറം പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.
ലീഗിനെതിരെ രൂക്ഷവിമർശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. സാമൂഹ്യനീതിയും മതേതരത്വവും പ്രസംഗിക്കുന്ന ലീഗുകാർ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചു. അവർ വിളിച്ചപ്പോൾ പോകാതിരുന്നപ്പോൾ മുതലാണ് എതിർക്കാൻ തുടങ്ങിയത്. ലീഗുകാരാണ് യഥാർത്ഥ വർഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാർ എന്തുകൊണ്ട് ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.
'മലപ്പുറത്തിന്റെ മാധുര്യം നുകരാൻ വെള്ളാപ്പള്ളിക്ക് വാടകയിലാതെ വീട് നൽകാം. മുസ്‌ലിം മാനേജ്‌മെന്റുകളിലെ സ്ഥാപനങ്ങളിൽ 50 ശതമാനം വരെ അമുസ്‌ലിം ജീവനക്കാരെ കാണിച്ചു തരാൻ കഴിയും. എന്നാൽ വെള്ളാപ്പള്ളിയുടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ അഞ്ചു ശതമാനം മുസ്‌ലിങ്ങളെ കാണിച്ചു തരാൻ കഴിയുമോ ? ' പി അബ്ദുൽഹമീദ് ചോദിച്ചു. ചുങ്കത്തറയിൽ നടന്ന നിലമ്പൂർ നിയോജകമണ്ഡലം മുസ്‌ലിംലീഗ് നേതൃയോഗം ഉദ്ഘാടനം പി അബ്ദുൽഹമീദിൻ്റെ വിമർശനം. ലീഗ് ഭാരവാഹികളുൾപ്പെടെയുളളവർ യോഗത്തിൽ പങ്കെടുത്തു.
Content Highlights- 'Vellapalli can be given a house in Malappuram without rent to enjoy the sweetness of Malappuram'; P Abdulhameed