
ആലപ്പുഴ: എഐസിസി സെക്രട്ടറി പങ്കെടുത്ത കോൺഗ്രസ് നിയമസഭാ മണ്ഡലം ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാഞ്ഞ അഞ്ച് മണ്ഡലം പ്രസിഡന്റുമാർക്കെതിരെ അച്ചടക്കനടപടി. ഒപ്പം ഇവർ പ്രസിഡന്റായുള്ള മണ്ഡലം കമ്മിറ്റികൾ ഡിസിസി പിരിച്ചുവിട്ടു. കായംകുളം നിയമസഭാ മണ്ഡലത്തിലെ ചെട്ടികുളങ്ങര, പത്തിയൂർ, പത്തിയൂർ വെസ്റ്റ്, കണ്ടല്ലൂർ നോർത്ത് മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ പാലമേൽ വെസ്റ്റ് മണ്ഡലം കമ്മിറ്റികളാണു പിരിച്ചുവിട്ടത്.
കഴിഞ്ഞ ഫെബ്രുവരി 28നാണ് എഐസിസി സെക്രട്ടറി വി.കെ.അറിവഴകന്റെ സാന്നിധ്യത്തിൽ രണ്ടു നിയമസഭാ മണ്ഡലം കമ്മിറ്റി ജനറൽ ബോഡികളും നടത്തിയത്. മണ്ഡലം പ്രസിഡന്റുമാർ, നിയമസഭാ മണ്ഡലത്തിലെ ബ്ലോക്ക്, ഡിസിസി, കെപിസിസി ഭാരവാഹികൾ എന്നിവരായിരുന്നു ഈ കമ്മിറ്റിയിൽ പങ്കെടുക്കേണ്ടിയിരുന്നത്.
എന്നാൽ മണ്ഡലം പ്രസിഡന്റുമാരായ ബെന്നി ജോർജ് (ചെട്ടികുളങ്ങര), സുരേഷ് ആമ്പക്കാട് (പത്തിയൂർ), രാജീവ് വലിയത്ത് (പത്തിയൂർ വെസ്റ്റ്), സുജിത്ത് കൊപ്പേറേത്ത് (കണ്ടല്ലൂർ നോർത്ത്), ശിവപ്രസാദ് (പാലമേൽ വെസ്റ്റ്) എന്നിവർ യോഗത്തിനെത്തിയില്ല. അതേസമയം വിഷയത്തിൽ ഡിസിസി അയച്ച കാരണം കാണിക്കൽ നോട്ടിസിനു അഞ്ച് പേരും മറുപടിയും നൽകാതായതോടെയാണ് ഇതിനെതിരെ അച്ചടക്ക നടപടിയെടുക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് ബി. ബാബുപ്രസാദ് അറിയിച്ചത്.
Content Highlights:If the AICC Secretary did not attend the meeting; Action against 5 constituency committees in Alappuzha