'സിഐടിയു പ്രവർത്തകർ പൊട്ടക്കിണറ്റിലെ തവളകൾ; എതിർക്കാൻ വന്നാൽ കൈവെട്ടിയെറിയും'; ഭീഷണിയുമായി ബാബു കോട്ടയിൽ

കുളപ്പുള്ളിയിൽ സിഐടിയു പ്രവർത്തകരും വ്യാപാരിയും തമ്മിലുള്ള തൊഴിൽ തർക്കത്തിനിടെ വ്യാപാരികൾ നടത്തിയ ധർണയിലാണ് വിവാദ പരാമർശം

dot image

പാലക്കാട്: എതിർക്കാൻ വന്നാൽ സിഐടിയു പ്രവർത്തകരുടെ കൈവെട്ടി നടുറോട്ടിൽ വലിച്ചെറിയുമെന്ന ഭീഷണി പ്രസംഗവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് ബാബു കോട്ടയിൽ. കുളപ്പുള്ളിയിൽ സിഐടിയു പ്രവർത്തകരും വ്യാപാരിയും തമ്മിലുള്ള തൊഴിൽ തർക്കത്തിനിടെ വ്യാപാരികൾ നടത്തിയ ധർണയിലാണ് വിവാദ പരാമർശം.

കുളപ്പുള്ളിയിലെ പ്രകാശ് സ്റ്റീൽസ് ആൻഡ് സിമൻറ് കടയുടമ ജയപ്രകാശിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചത്. ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സിഐടിയുവിനെതിരെ ബാബു കോട്ടയിൽ ഭീഷണി ഉയർത്തിയത്. കോടതി വിധി തങ്ങൾ നടപ്പാക്കുക തന്നെ ചെയ്യുമെന്ന് ബാബു കോട്ടയിൽ പറഞ്ഞു. പൊട്ടക്കിണറ്റിലെ തവളകൾ മാത്രമാണ് സിഐടിയു പ്രവർത്തകരെന്നും ബാബു കോട്ടയിൽ പറഞ്ഞു.

സിമന്റ് ചാക്കുകൾ കയറ്റി ഇറക്കാൻ യന്ത്രം വെച്ചതിനെ ചൊല്ലിയാണ് ജയപ്രകാശും സിഐടിയുമായുമായി തർക്കം ഉടലെടുത്തത്. നാല് മാസം മുൻപായിരുന്നു കയറ്റിറക്ക് യന്ത്രം എത്തിച്ചത്. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ നഷ്ടമുണ്ടായെന്ന് ആരോപിച്ച് സിഐടിയു സമരം തുടങ്ങി. ഇതോടെ ലോഡ് ഇറക്കാൻ പോലും ആകാത്ത സ്ഥിതിയായിരുന്നു. പിന്നാലെ കടയുടമ കട അടയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.

Content Highlights- 'CITU workers are like frogs in a well, if they come to oppose, their hands will be cut off and they will be thrown on the road', controversial speech

dot image
To advertise here,contact us
dot image