
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കോടതിയില്‍ ആണെന്നും അത്ര ഗൗരവമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിനീഷ് കോടിയേരിക്കെതിരായ കേസും വീണയ്‌ക്കെതിരായ കേസും തമ്മില്‍ താരതമ്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ തന്റെ മകള്‍ എന്ന് പറഞ്ഞാണ് മാധ്യമങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നലെ ലക്ഷ്യം പാര്‍ട്ടി മനസിലാക്കി. കോടതിയിൽ ഇരിക്കുന്ന കേസിൽ വിശദീകരണം നൽകേണ്ടത് മാധ്യമങ്ങൾക്ക് മുന്നിലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേസ് തന്നെ ബാധിക്കുന്ന വിഷയമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോടതിയിലുള്ള കാര്യം അതിന്റെ വഴിക്ക് നടന്നോളും. മാധ്യമങ്ങള്‍ അത് ആലോചിച്ച് ബേജാറാവേണ്ട. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശുദ്ധ അസംബന്ധമാണെന്ന് നേരത്തേ മുതല്‍ എല്ലാവര്‍ക്കും അറിയാം. നാടിനെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ താന്‍ പറഞ്ഞു. എന്നാല്‍ തന്റെ രാജിവരുമോ എന്നാണ് പലരും നോക്കി നില്‍ക്കുന്നത്. നിങ്ങള്‍ക്ക് വേണ്ടത് തന്റെ രക്തമാണെന്ന് മാധ്യമങ്ങളെ ഉദ്ദേശിച്ച് പറഞ്ഞ മുഖ്യമന്ത്രി അത് അത്ര വേഗത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും പറഞ്ഞു.
മകള്‍ വാങ്ങിയത് സേവനത്തിനുള്ള പ്രതിഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ മകളായതിനാലാണ് വേട്ടയാടുന്നത്. മകള്‍ നടത്തിയ സ്ഥാപനം നല്‍കിയ സേവനത്തിനുള്ള പണമാണ് ലഭിച്ചത്. കള്ളപ്പണമല്ല. നികുതിയും കണക്കുകളും രേഖാമൂലം നല്‍കിയതാണ്. അത് മറച്ചുവെച്ചല്ലേ നിങ്ങള്‍ പ്രചാരണം നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights- CM Pinarayi vijayan on case against veena