
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ നിർണായക മൊഴി. കെ രാധാകൃഷ്ണൻ എംപി ഇ ഡിക്ക് നൽകിയ മൊഴിയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കരുവന്നൂർ ബാങ്കിലെ പാർട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് കെ രാധാകൃഷ്ണൻ നൽകിയ മൊഴിയിൽ പറയുന്നു.
ബാങ്കിലെ ഡയറക്ടർ ബോർഡിനപ്പുറം പാർട്ടി സംവിധാനങ്ങളെക്കുറിച്ച് അറിയില്ല. ബിനാമി വായ്പകൾ അനുവദിക്കാൻ സംവിധാനം ഉള്ളതായി അറിയില്ല. പാർട്ടിക്ക് പാർലമെന്ററി കമ്മിറ്റിയും സബ് കമ്മിറ്റിയും ഉണ്ടായിരുന്നതായും അറിയില്ല. ജില്ലാ കമ്മിറ്റിയുടെ അറിവോടെയായിരുന്നു തട്ടിപ്പെന്ന ആരോപണം തെറ്റെന്നും അദ്ദേഹം നൽകിയ മൊഴിയിലുണ്ട്. ആരോപണം ഉന്നയിച്ച സി കെ ചന്ദ്രന് കാര്യമായ ചുമതല നൽകിയിരുന്നില്ല. സി കെ ചന്ദ്രൻ അസുഖബാധിതനായതിനാൽ ചുമതല നൽകിയില്ല. ജില്ലാ കമ്മിറ്റിക്ക് കരുവന്നൂർ ബാങ്കിൽ അക്കൗണ്ടുകൾ ഇല്ലെന്നും കെ രാധാകൃഷ്ണൻ നൽകിയ മൊഴി വ്യക്തമാക്കുന്നു. രാധാകൃഷ്ണനെ വീണ്ടും വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഇ ഡി വ്യക്തമാക്കുന്നത്. കേസിൽ അന്തിമ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.
കെ രാധാകൃഷ്ണൻ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ കണക്കുകൾ സംബന്ധിച്ച വിവരങ്ങളാണ് ഇ ഡി പരിശോധിച്ചത്. കരുവന്നൂർ ബാങ്കുമായുളള സിപിഐഎം ബന്ധം, സിപിഐഎം പാർട്ടി അക്കൗണ്ടുമായി ബന്ധപ്പെട്ട പണമിടപാടുകൾ തുടങ്ങിയ കാര്യങ്ങളാണ് കെ രാധാകൃഷ്ണനോട് ചോദിച്ചറിഞ്ഞത്. നേരത്തെ മൊഴിയെടുക്കാനായി ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പാർട്ടി കോൺഗ്രസ് നടക്കുന്നതുൾപ്പെടെയുളള കാരണങ്ങൾ ചൂണ്ടിക്കാട്ടി എംപി രേഖാമൂലം അസൗകര്യമറിയിക്കുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നിലവിലെ സിപിഐഎം ജില്ലാ സെക്രട്ടറിയെയും ഇ ഡി ചോദ്യംചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ 324 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ ഡി പറയുന്നത്. ബാങ്ക് ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി തരണം ചെയ്തിട്ടില്ല.
Content Highlights: K Radhakrishnan's statement that he was unaware of the party systems at Karuvannur Bank