സിഎംആർഎൽ- എക്‌സാലോജിക് കരാര്‍; എസ്എഫ്ഐഒയുടെ തുടർനടപടികൾക്ക് സ്റ്റേ ഇല്ല

സിഎംആര്‍എല്ലിന്റെ ഹര്‍ജി പഴയ ബെഞ്ചിലേയ്ക്ക് വിട്ടു

dot image

ഡല്‍ഹി: സിഎംആർഎൽ- എക്‌സാലോജിക് കരാറുമായി ബന്ധപ്പെട്ട എസ്എഫ്‌ഐഒയുടെ (സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ്) തുടർനടപടികൾക്ക് സ്റ്റേ ഇല്ല. തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യം ഡല്‍ഹി ഹൈക്കോടതി തളളി. സിഎംആര്‍എല്ലിന്റെ ഹര്‍ജി പഴയ ബെഞ്ചിലേയ്ക്ക് വിട്ടു.

ജസ്റ്റിസ് സുബ്രമണ്യ പ്രസാദിന്റെ ബെഞ്ചിലേക്കാണ് ഹര്‍ജി മാറ്റിയത്. ഏപ്രില്‍ 21-ന് ഹര്‍ജി വീണ്ടും പരിഗണിക്കും. സിഎംആര്‍എല്ലിന് വേണ്ടി കപില്‍ സിബലും കേന്ദ്ര സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവുമാണ് ഹാജരായത്. കേസില്‍ ഇ ഡി കടന്നുവരികയാണെന്നും ഇത് ഗുരുതര പ്രത്യാഖ്യാതമുണ്ടാക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.

നേരത്തെ ഇതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് സുബ്രമണ്യ പ്രസാദ് ഇക്കാര്യത്തില്‍ തുടര്‍നടപടികള്‍ ഉണ്ടാകരുതെന്ന് എസ്എഫ്ഐഒയ്ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നെന്നും അത് എസ്എഫ്‌ഐഒ ലംഘിച്ചുവെന്നും കപില്‍ സിബല്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ റെക്കോര്‍ഡുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, സിഎംആര്‍എല്‍ ആവശ്യപ്പെട്ടതുപ്രകാരം ഹര്‍ജി ആദ്യം പരിഗണിച്ച ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.

കേസില്‍ മുഖ്യമന്ത്രിയുടെ മകൾ വീണയെ പ്രതിചേര്‍ത്ത് എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പതിമൂന്ന് പ്രതികളുള്ള കേസിൽ വീണ പതിനൊന്നാം പ്രതിയാണ്. സേവനം നല്‍കാതെ വീണ 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. വീണയുടെ എക്‌സാലോജിക് കമ്പനിക്കാണ് സിഎംആര്‍എല്‍ പണം നല്‍കിയത്. ഒരു സേവനവും നല്‍കാതെ അനധികൃതമായാണ് പണം കൈപ്പറ്റിയതെന്ന് കുറ്റപത്രത്തിലുണ്ട്. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാം പ്രതി. സിഎംആര്‍എല്ലും എക്‌സാലോജികും ഉള്‍പ്പടെ നാല് കമ്പനികളും പ്രതികളാണ്.

Content Highlights: No stay for sfio actionsin cmrl-exalogica case for now delhi highcourt

dot image
To advertise here,contact us
dot image