‘നിലമ്പൂരിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ല, ഉടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാൻ സജ്ജം‘

സ്ഥാനാർത്ഥി ചർച്ചകൾ അഹമ്മദാബാദിൽ നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല

dot image

അഹമ്മദാബാദ്: നിലമ്പൂരിൽ ഉടൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലും നേരിടാൻ സജ്ജം എന്ന് രമേശ് ചെന്നിത്തല. സ്ഥാനാർത്ഥി ചർച്ചകൾ അഹമ്മദാബാദിൽ നടന്നിട്ടില്ലെന്നും ഇതുവരെ സ്ഥാനാർത്ഥിയെ തീരുമാനിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കം. പി വി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക. സര്‍വ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. രണ്ട് സര്‍വേകളാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയത്. വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡമായി സ്വീകരിച്ചത്. ഈ സര്‍വേകളില്‍ വി എസ് ജോയിക്ക് മുന്‍തൂക്കം ലഭിച്ചു. മണ്ഡലത്തിലെ നേതാക്കളും ജോയുടെ പേരാണ് മുന്നോട്ടുവെക്കുന്നത്.

വി എസ് ജോയ് ഡിസിസി അദ്ധ്യക്ഷനായതിന് ശേഷം ജില്ലയില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. മുസ്‌ലിം ലീഗുമായും നല്ല ബന്ധമാണ് ജോയ് പുലര്‍ത്തുന്നത്. അതിനാല്‍ ജോയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് ലീഗിനും എതിര്‍പ്പുണ്ടാവില്ല.

ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ ആ വിഭാഗത്തില്‍ നിന്ന് തന്നെ ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവണമെന്ന അഭിപ്രായം പല നേതാക്കള്‍ക്കും ഉണ്ട്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് കാര്യമായി തന്നെ ആലോചിക്കുന്നുണ്ട്. ഇതും ജോയെന്ന പേരിലേക്കെത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

യുവാവായ നേതാവെന്നതും ജോയിക്ക് അനുകൂല ഘടകമാണ്. ഈ ആഴ്ച തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. അത് കൊണ്ട് തന്നെ ഒറ്റ പേരിലേക്ക് വളരെ പെട്ടെന്ന് എത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

അതേസമയം ഗുജറാത്തിലെ അഹമ്മദാബാദില്‍ സബര്‍മതി തീരത്ത് 84മത് എഐസിസി സമ്മേളനം ഇന്ന് നടക്കും.

ഇന്നലെ പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നിരുന്നു. ചിട്ടയായ പ്രവര്‍ത്തനം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമാണ് ഇത്തവണത്തെ സമ്മേളനം. കേരളത്തില്‍ നിന്ന് ആകെ 61 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ഡിസിസി ശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകളും ഇന്ന് നടക്കും. വഖഫ് നിയമം, മതപരിവര്‍ത്തന നിരോധന നിയമം, വിദേശനയം തുടങ്ങിയ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പ്രമേയം ഇന്ന് സമ്മേളനത്തില്‍ പാസാക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രമേയങ്ങള്‍ ഇന്നലെ എഐസിസിയുടെ പ്രവര്‍ത്തക സമിതി യോഗത്തില്‍ അവതരിപ്പിച്ചിരുന്നു.

Content Highlights:'Ready to face even if elections are announced soon in Nilambur'; Ramesh Chennithala

dot image
To advertise here,contact us
dot image