
മലപ്പുറം: നിലമ്പൂരിൽ വി എസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കം. പി വി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.
സര്‍വ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുന്നത്. രണ്ട് സര്‍വേകളാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ നടത്തിയത്. വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ മാനദണ്ഡമായി സ്വീകരിച്ചത്. ഈ സര്‍വേകളില്‍ വി എസ് ജോയിക്ക് മുന്‍തൂക്കം ലഭിച്ചു. മണ്ഡലത്തിലെ നേതാക്കളും ജോയുടെ പേരാണ് മുന്നോട്ടുവെക്കുന്നത്.
വി എസ് ജോയ് ഡിസിസി അദ്ധ്യക്ഷനായതിന് ശേഷം ജില്ലയില്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. മുസ്‌ലിം ലീഗുമായും നല്ല ബന്ധമാണ് ജോയ് പുലര്‍ത്തുന്നത്. അതിനാല്‍ ജോയുടെ സ്ഥാനാര്‍ത്ഥിത്വത്തോട് ലീഗിനും എതിര്‍പ്പുണ്ടാവില്ല.
ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെ ആ വിഭാഗത്തില്‍ നിന്ന് തന്നെ ഒരു സ്ഥാനാര്‍ത്ഥി ഉണ്ടാവണമെന്ന അഭിപ്രായം പല നേതാക്കള്‍ക്കും ഉണ്ട്. ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് കാര്യമായി തന്നെ ആലോചിക്കുന്നുണ്ട്. ഇതും ജോയെന്ന പേരിലേക്കെത്താന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.
യുവാവായ നേതാവെന്നതും ജോയിക്ക് അനുകൂല ഘടകമാണ്. ഈ ആഴ്ച തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. അത് കൊണ്ട് തന്നെ ഒറ്റ പേരിലേക്ക് വളരെ പെട്ടെന്ന് എത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
Content Highlights: VS Joy UDF candidate in Nilambur