
കൊച്ചി: മുണ്ടക്കൈ-ചൂരല്മല ഉരുള്പൊട്ടല് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാത്തതില് കേന്ദ്ര സര്ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. വായ്പ എഴുതിത്തള്ളാൻ തീരുമാനമെടുക്കണമെന്ന് നിര്ദേശം നല്കികൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. കേന്ദ്ര സര്ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വിവേചനാധികാരം വിനിയോഗിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
ബാങ്ക് വായ്പ എഴുതിത്തള്ളാന് നിര്ദേശിക്കാന് ദുരന്ത നിവാരണ നിയമത്തില് വ്യവസ്ഥയുണ്ടെന്നും നിയമത്തിലെ 13ാം വകുപ്പ് ഉപയോഗിക്കാന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ഈ ഉത്തരവാദിത്വത്തിൽ നിന്ന് കേന്ദ്ര സര്ക്കാരും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ഒഴിഞ്ഞുമാറുന്നുവെന്നും ഹൈക്കോടതി വിമര്ശിച്ചു.
'വായ്പ തിരിച്ചുപിടിക്കാന് ശ്രമിക്കുന്ന ബാങ്കുകളുടെ നടപടി ഷൈലോക്കിന്റെ ഹൃദയശൂന്യതയാണ്. കേന്ദ്ര സര്ക്കാര് ക്ഷേമ രാഷ്ട്രത്തിലെ ഭരണ നിര്വഹണ ചുമതല നിര്വഹിക്കുമെന്ന് കരുതുന്നു. ജീവിതവും വരുമാനവും നഷ്ടപ്പെട്ടവരെ സഹായിക്കാന് കേന്ദ്ര സര്ക്കാര് മുന്നോട്ട് വരണം. എഴുതിത്തള്ളേണ്ടത് വലിയ തുകയല്ല. കേരള ബാങ്ക് 4.98 കോടി രൂപയുടെ വായ്പ എഴുതിത്തള്ളി', കോടതി പറഞ്ഞു. കൊവിഡ് കാലത്ത് താല്ക്കാലികമായി ജീവിതം തടസ്സപ്പെട്ട സാഹചര്യമല്ല വയനാട്ടിലേതെന്നും മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതര് എല്ലാ ജീവിത സാഹചര്യവും നഷ്ടപ്പെട്ടവരാണെന്നും കേന്ദ്ര സര്ക്കാരിനെ കോടതി ഓര്മിപ്പിച്ചു.
ദുരന്തത്തെ കേന്ദ്ര സര്ക്കാര് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പങ്കെടുത്ത എസ്എല്ബിസി യോഗത്തിന്റെ ശുപാര്ശ അനുസരിച്ചാണ് ബാങ്ക് വായ്പ എഴുതിത്തള്ളേണ്ടെന്ന തീരുമാനമെടുത്തെതെന്ന കേന്ദ്ര സര്ക്കാര് വാദവും ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉള്പ്പടെയുള്ളവര് വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബാങ്ക് വായ്പ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് തീരുമാനമെടുത്ത രണ്ട് എസ്എല്ബിസി യോഗത്തിന്റെയും മിനുറ്റ്സ് സര്ക്കാര് ഹൈക്കോടതിയില് ഹാജരാക്കിയിരുന്നു. ബാങ്ക് വായ്പ എഴുതിത്തള്ളാനാണ് മുഖ്യമന്ത്രി ഉള്പ്പടെയുള്ളവര് ആവശ്യപ്പെട്ടതെന്നും ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
അതേസമയം, ദുരന്തബാധിതരുടെ വായ്പ എഴുതത്തള്ളില്ലെന്ന് കേന്ദ്ര സര്ക്കാര് ഹൈക്കോടതിയില് ആവര്ത്തിച്ചിരുന്നു. റിസര്വ്വ് ബാങ്കിന്റെ മാര്ഗ നിര്ദേശങ്ങള് ഇക്കാര്യം അനുവദിക്കുന്നില്ലെന്നും മറ്റ് നിക്ഷേപകരുടെ പണം സ്വീകരിച്ചാണ് ബാങ്കുകള് വായ്പ നല്കുന്നതെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം. വായ്പ എഴുതിത്തള്ളണമെന്ന് ബാങ്കുകളെ നിര്ബന്ധിക്കാനാവില്ല. വായ്പ എഴുതിത്തള്ളുന്നത് ബാങ്കുകളുടെ വിവേചനാധികാരമാണെന്നും കേന്ദ്രം പറഞ്ഞു. വായ്പ എഴുതിത്തള്ളില്ല, മൊറട്ടോറിയത്തിന് മാത്രമാണ് അംഗീകാരമെന്നും കേന്ദ്രം ആവര്ത്തിച്ചു. എന്നാല് വായ്പ എഴുതിത്തള്ളുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ഹൈക്കോടതി നിര്ദേശിക്കുകയായിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില് സ്വമേധയാ സ്വീകരിച്ച ഹര്ജി ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കും.
Content Highlights: High Court orders interim order to the Center to waive off loans of the landslide affected peole