ദൃശ്യം മാത്രമല്ല, ശബ്ദവും ഇനി 360 ഡിഗ്രി; ഫ്രാന്‍സിലെ ലെവല്‍ വെര്‍ച്വലില്‍ മലയാളിത്തിളക്കം

ഐഐടി മുംബൈ ഇമേര്‍സി മീഡിയ എക്‌സ്പീരിയന്‍സ് ഡിസൈന്‍ ലാബിന്റെ ഭാഗമായാണ് പരീക്ഷണം നടന്നത്

dot image

കണ്ണൂര്‍: ഏത് ഭാഗത്തേക്ക് തിരിഞ്ഞാലും കാഴ്ചകള്‍ കാണാവുന്ന 360 ഡിഗ്രി വീഡിയോകള്‍ വെര്‍ച്വല്‍ റിയാലിറ്റി ലോകത്ത് ഇടംപിടിച്ചിട്ട് കാലങ്ങളായി. എന്നാല്‍ ദൃശ്യങ്ങള്‍ക്കൊപ്പം ശബ്ദവും 360 ഡിഗ്രി ആയി മാറുന്ന ടെക്‌നോളജിയിലൂടെ വീഡിയോ നിര്‍മിച്ച് ശ്രദ്ധേയരായിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളുടെ സംഘം. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ സിദ്ധാര്‍ത്ഥ് ഗൗതം അടക്കമുള്ള ബോംബെ ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘത്തെ ലോകത്തിലെ ഏറ്റവും വലിയ എക്‌സ്റ്റന്‍ഡഡ് റിയാലിറ്റി ഷോ ഇവന്റായ 'ഫ്രാന്‍സിലെ വെര്‍ച്വല്‍ ലെവലിലേക്ക്' തിരഞ്ഞെടുത്തിരിക്കുകയാണ്.

ഐഐടി മുംബൈ ഇമേര്‍സി മീഡിയ എക്‌സ്പീരിയന്‍സ് ഡിസൈന്‍ ലാബിന്റെ ഭാഗമായാണ് ഇവരുടെ പരീക്ഷണം നടന്നത്. ഇത്തരത്തില്‍ നവീനമായ ശബ്ദ ആശയം ഉള്‍ക്കൊള്ളിച്ച് ലാബില്‍ നിര്‍മിച്ചിരിക്കുന്ന മലയാളം 360 ഡിഗ്രി വെര്‍ച്വല്‍ റിയാലിറ്റി മ്യൂസിക്കൽ വീഡിയോ ആല്‍ബമാണ് 'മൗനരാഗം'. അത് ലോകത്തിലെ ഏറ്റവും വലിയ എക്സ്റ്റന്റഡ് റിയാലിറ്റി ഷോ ഇവന്റ് ആയ ഫ്രാന്‍സിലെ 'ലെവല്‍ വെര്‍ച്വലിലേക്ക്' ഒഫീഷ്യല്‍ സെലക്ഷന്‍ നേടിയിരിക്കുന്നു.

വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, സ്‌പൈസ് കമ്പ്യൂട്ടിങ് തുടങ്ങിയ അതിനൂതന സാങ്കേതിക മേഖലകളിലെ ഏറ്റവും പുതിയ ചുവടുവെപ്പുകളും പരീക്ഷണങ്ങളും പ്രോജക്റ്റുകളും ഉപകരണങ്ങളും അവതരിപ്പിക്കുന്ന ഇവന്റായ ലവല്‍ വെര്‍ച്വലിന്റെ ഇരുപത്തിയേഴാം എഡിഷനാണ് ഏപ്രില്‍ 9 മുതല്‍ 11 തീയതി വരെ ഫ്രാന്‍സില്‍ നടക്കുന്നത്.

ലോകത്തിലെ പല ഭാഗങ്ങളില്‍ നിന്നുള്ള ഗവേഷകര്‍, പ്രൊഫഷണലുകള്‍, ഡിസൈനര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍, നിര്‍മാതാക്കള്‍, കമ്പ്യൂട്ടര്‍ സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടത് ഏഴു പേരടങ്ങുന്ന ഐഐടി മുംബൈയിലെ രണ്ട് സംഘങ്ങള്‍ മാത്രമാണ്.

വെര്‍ച്വല്‍ റിയാലിറ്റിയില്‍ തത്സമയ പ്രതികരണങ്ങളോടെയുള്ള പാരലല്‍ നറേറ്റീവ് ശബ്ദസാദ്ധ്യതകളാണ് 360 ഡിഗ്രി വീഡിയോക്കൊപ്പം ഇവര്‍ ഉപയോഗിക്കുന്നത്. ഒരേ സമയം സംഭവിക്കുന്ന രണ്ട് വിഭിന്ന സീനുകളിലെ പശ്ചാത്തല ശബ്ദങ്ങളെ പ്രേക്ഷകര്‍ ഏത് സീനിലേക്ക് തലതിരിക്കുന്നു എന്നതിനെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കാനുള്ള സ്‌പെഷ്യൽ സൗണ്ട് എഫക്ട് സന്നിവേശിപ്പിക്കാനുള്ള സാങ്കേതിക വിദ്യയാണ് ഈ പ്രോജക്ടിന്റെ ഭാഗമായി ഇവര്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ വീഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഗൗതം കൂടി ചേര്‍ന്നാണ്.

മുംബൈ സ്വദേശിയായ യാഷ് കരഞ്ചാക്കര്‍, റാഞ്ചിയില്‍ നിന്നുള്ള നമിത് തിര്‍കേ എന്നിവരാണ് മറ്റുള്ളവര്‍. മള്‍ട്ടിപ്ലേയര്‍ വെര്‍ച്വല്‍ റിയാലിറ്റി ഗേമുകളില്‍ ഒരേ സമയം മൊബൈല്‍ ഫോണിലും മറ്റേ കളിക്കാരന്‍ വിര്‍ച്വല്‍ റിയാലിറ്റി ഉപകരണം ധരിച്ചും ചെയ്യാന്‍ പറ്റും വിധമുള്ള സാങ്കേതിക വിദ്യാ പരീക്ഷണ പ്രോജക്റ്റാണ് രണ്ടാം സംഘത്തിന്റേത്.

''മൗനരാഗം'' കഴിഞ്ഞമാസം മുംബൈയില്‍ വെച്ച് നടന്ന ഇന്റർനാഷണൽ ആനിമേഷന്‍ ഫിലിം ഫെസ്റ്റിവലായ 'അനിമേല' യിലേക്കും പ്രദര്‍ശനത്തിനായി ഒഫീഷ്യല്‍ സെലക്ഷന്‍ നേടിയിരുന്നു. ഇത്തരത്തിലുള്ള ശബ്ദ ഉപയോഗ സാങ്കേതികത ഭാവിയിലെ വെര്‍ച്വല്‍ റിയാലിറ്റി - ഓഗ്മെന്റഡ് റിയാലിറ്റി സിനിമകള്‍ക്കും ഗെയിമുകള്‍ക്കും പഠന പ്രവര്‍ത്തനങ്ങള്‍ക്കുമൊക്കെ വലിയ ദൃശ്യ, ശ്രവ്യ അനുഭവ സാദ്ധ്യതകളാണ് തുറന്നിടുന്നത്. പ്രശസ്ത ശാസ്ത്ര ലേഖകനും എഴുത്തുകാരനുമായ വിജയകുമാര്‍ ബ്ലാത്തൂരിന്റെയും ഇരിക്കൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ അദ്ധ്യാപിക മീനാകുമാരിയുടെയും മകനാണ് സിദ്ധാര്‍ത്ഥ് ഗൗതം.

Content Highlights: Kannur native IIT students create video with 360-degree virtual sound technology, selected for a reality show event."

dot image
To advertise here,contact us
dot image