
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം ജോലിക്ക് ചേർത്തല സ്വദേശി കെ എസ് അനുരാഗിന് നിയമന ഉത്തരവ് ലഭിച്ചതിൽ തന്ത്രിമാരുടെ ഭാഗത്ത് നിന്ന് നിസ്സഹകരണം ഉണ്ടായാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ചെയർമാൻ സി കെ ഗോപി. അഡ്വൈസ് മെമോയുടെ പകർപ്പ് ദേവസ്വം ഓഫീസിൽ ലഭിച്ചിട്ടുണ്ടെന്നും അടുത്ത മാനേജിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തയാഴ്ച യോഗം ചേരും. ഉത്സവമായതിനാൽ എല്ലാവരും സഹകരിക്കുമെന്നും എതിർപ്പ് ഉണ്ടാകില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ വിശ്വാസം. അടുത്ത മാനേജ് കമ്മിറ്റി യോഗം ചേർന്നാൽ ഉടൻതന്നെ പോസ്റ്റിങ് ഓഡർ നൽകുമെന്നും സി കെ ഗോപി വ്യക്തമാക്കി.
അതേസമയം, നിയമന ഉത്തരവ് ലഭിച്ചാൽ ജോലിയിൽ പ്രവേശിക്കുമെന്ന് ചേർത്തല സ്വദേശി കെ എസ് അനുരാഗ് പറഞ്ഞു. നിലവിൽ നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാൽ ജോലിയിൽ പ്രവേശിക്കാൻ തന്നെയാണ് തീരുമാനമെന്നും അനുരാഗ് റിപ്പോർട്ടറിനോട് പറഞ്ഞു. കഴകം ജോലിക്ക് അഡ്‌വൈസ് മെമോ അയച്ചിട്ടുണ്ടെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡും അറിയിച്ചിട്ടുണ്ട്. ജാതി വിവേചനത്തെത്തുടർന്ന് ബാലു രാജിവെച്ച ഒഴിവിലേക്കാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ എസ് അനുരാഗിന് അഡ്വൈസ് മെമ്മോ നൽകിയിരിക്കുന്നത് എന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വ്യക്തമാക്കി.
Content Highlights: koodal manikyam temple devaswom board on anurag's appointment