
ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് നിയമന ഉത്തരവ് ലഭിച്ചാൽ ജോലിയിൽ പ്രവേശിക്കുമെന്ന് ചേർത്തല സ്വദേശി കെ എസ് അനുരാഗ്. നിലവിൽ നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. ഉത്തരവ് ലഭിച്ചാൽ ജോലിയിൽ പ്രവേശിക്കാൻ തന്നെയാണ് തീരുമാനം എന്നും അനുരാഗ് റിപ്പോർട്ടറിനോട് പറഞ്ഞു.
അതേസമയം കഴകം ജോലിക്ക് അഡ്‌വൈസ് മെമോ അയച്ചിട്ടുണ്ടെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അറിയിച്ചിട്ടുണ്ട്. ജാതി വിവേചനത്തെത്തുടർന്ന് ബാലു രാജിവെച്ച ഒഴിവിലേക്കാണ് പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേർത്തല സ്വദേശി കെ എസ് അനുരാഗിന് അഡ്വൈസ് മെമ്മോ നൽകിയിരിക്കുന്നത് എന്നും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വ്യക്തമാക്കി.
കൂടൽമാണിക്യം ദേവസ്വമാണ് അഡ്വൈസ് മെമ്മോ പ്രകാരം നിയമനം നടത്തേണ്ടത്. വിവാദ വിഷയമായതിനാൽ ദേവസ്വം ഭരണസമിതിയിൽ ഇക്കാര്യം വച്ചേക്കുമെന്നാണ് കരുതുന്നത്. റിക്രൂട്ട്മെൻറ് ബോർഡിന്റെ തീരുമാനങ്ങൾക്കൊപ്പം നിലകൊള്ളുമെന്ന് നേരത്തെ തന്നെ ദേവസ്വം ബോർഡ് വ്യക്തമാക്കിയിരുന്നു.
Content Highlight :ks-anurag-says-he-will-start-working-as-soon-as-he-receives-the-appointment-order