
പത്തനംതിട്ട: കുങ്ഫു പഠിക്കാനെത്തിയ പതിനാറുകാരനെ ലൈംഗികചൂഷണത്തിന് വിധേയനാക്കിയ അധ്യാപകൻ പിടിയിൽ. പന്തളം ഉളനാട് സജിഭവനം വീട്ടിൽ സാം ജോണാ(45)ണ് പിടിയിലായത്. ഇലവുംതിട്ട പൊലീസ് വീടിനടുത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിൽ മറ്റ് രണ്ട് ദേഹോപദ്രവ ഗാർഹിക പീഡനക്കേസുകളുണ്ട്.
ഉളനാട് നടത്തുന്ന കുങ്ഫു പരിശീലനകേന്ദ്രത്തിൽ വെച്ചായിരുന്നു പീഡനം. 2023 ഓഗസ്റ്റ് 15-നായിരുന്നു സംഭവം. രാവിലെ 10-ന് ശേഷം സ്ഥാപനത്തിൽവെച്ച് കുട്ടിയെ ലൈംഗിക ചൂഷണത്തിന് പ്രതി ഇരയാക്കി. പിന്നീടും ഇത് ആവർത്തിക്കുകയും ഫോണിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ പരിശീലനമുള്ള എല്ലാ ഞായറാഴ്ചകളിലും ഇത് തുടർന്നു.
ഈ മാസം ഏഴിന് പന്തളം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഇലവുംതിട്ട സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ കൗൺസലിങ്ങും മറ്റും ലഭ്യമാക്കുന്നതിന് ശിശു ക്ഷേമസമിതിക്ക് ഇലവുംതിട്ട പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: kung fu teacher arrested for assaulting student