
വയനാട് : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ഭവനപദ്ധതിക്ക് തറക്കല്ലിട്ടു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ശിലാഫലകം അനാച്ഛാദനം ചെയ്തു. മനുഷ്യസ്നേഹത്തിന്റെ രാഷ്ട്രീയമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്നും യുദ്ധത്തെയൊക്കെ വെറുത്ത് ഭൂരിപക്ഷം രാജ്യങ്ങളും സ്നേഹവും സാഹോദര്യവും ചേർത്തുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തൃക്കൈപ്പറ്റ വെള്ളിത്തോട് വീടുനിർമാണത്തിനായി കണ്ടെത്തിയ സ്ഥലത്തെത്തി ബുധനാഴ്ച വൈകീട്ട് മൂന്നോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രാർഥന നടത്തിയിരുന്നു. തുടർന്ന്, ക്ഷേത്രഭാരവാഹികളുടെ ക്ഷണംസ്വീകരിച്ച് തൃക്കൈപ്പറ്റ സ്വയംഭൂ മഹാശിവക്ഷേത്രത്തിലെത്തിയ അദ്ദേഹത്തെ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യസ്വാമി പൊന്നാടയണിയിച്ച് സ്വീകരിച്ചു. ലീഗ് നേതാക്കൾക്കും ഐ.സി. ബാലകൃഷ്ണൻ എംഎൽഎക്കും ഒപ്പമായിരുന്നു ക്ഷേത്രസന്ദർശനം.
ദുരന്തബാധിതരുടെ ആവശ്യപ്രകാരം മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ-മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് ഭവനസമുച്ചയം ഒരുങ്ങുന്നത്. വിലയ് ക്കെടുത്ത 11 ഏക്കറിൽ 105 കുടുംബങ്ങൾക്കാണ് വീട്. ഒരു കുടുംബത്തിന് എട്ടുസെന്റിൽ 1000 ചതുരശ്രയടിയിൽ നിർമിക്കുന്ന വീട്ടിൽ മൂന്നുമുറിയും അടുക്കളയും മറ്റു സൗകര്യങ്ങളുമുണ്ടാവും. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യവും ഉറപ്പാക്കും. എട്ടുമാസംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആർക്കിടെക്ട് ടോണിയുടെ നേതൃത്വത്തിലുള്ള സപതി അർക്കിടെക്സാണ് ഭവനപദ്ധതിയുടെ പ്ലാൻ തയ്യാറാക്കിയത്.
Content Highlights-Muslim League lays foundation stone for 105 families to build houses on 11 acres