
തിരുവനന്തപുരം: റിപ്പോർട്ടർ എസ്ഐടി പുറത്തുകൊണ്ടുവന്ന സെക്രട്ടേറിയറ്റിലെ ആക്രി കടത്തിൽ ഭരണാനുകൂല സർവീസ് സംഘടനാ നേതാവ് പി ഹണിക്കെതിരെ വിജിലൻസ് കേസ്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് കേസെടുത്തത്. ആക്രി കടത്തിൽ സർക്കാരിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടും വ്യാജമായി ഉത്തരവ് ഉണ്ടാക്കി ആക്രി പുറത്തേക്ക് കൊണ്ടുപോയിട്ടും പി ഹണിക്കെതിരെ നടപടി ഉണ്ടായിരുന്നില്ല.
സെക്രട്ടേറിയറ്റ് താൽക്കാലിക ജീവനക്കാരൻ ബിനു സെക്രട്ടേറിയറ്റിൽ നിന്ന് ആക്രി കടത്തുന്ന വാർത്ത റിപ്പോർട്ടർ എസ്ഐടി ആണ് പുറത്തുകൊണ്ടുവന്നത്. ബിനു എന്ന താൽക്കാലിക ജീവനക്കാരനെ തുടർച്ചയായി വാർത്തകൾക്ക് പിന്നാലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ബിനുവിനെ നിയമിച്ചത് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റുമായ പി ഹണിയാണെന്ന് ബിനു തന്നെ വെളിപ്പെടുത്തിയിരുന്നു.
നിലവിലുണ്ടായിരുന്ന കരാറുകാരനെ ഒഴിവാക്കി മൂന്ന് വർഷത്തോളം വ്യാജ ഉത്തരവ് ഉണ്ടാക്കിയായിരുന്നു ആക്രി പുറത്തേക്ക് കടത്തിയത്. ഉത്തരവിൽ പറയുന്ന ആക്രി കച്ചടവടക്കാരൻ ഇക്കാര്യം അറിഞ്ഞതുപോലുമില്ലെന്നും റിപ്പോർട്ടർ തെളിവുകൾ സഹിതം പുറത്തുവിട്ടു. ഹണിക്കെതിരെ നിരവധി പരാതി സർക്കാരിൽ നൽകി. പക്ഷേ ഭരണാനകൂല നേതാവായ ഹണിക്കെതിരെ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല. ഇതോടെയാണ് ബിജെപി നേതാവ് അഡ്വ. ആർഎസ് രാജീവ് വിജിലൻസ് കോടതിയെ സമീപിച്ചത്. പിന്നാലെ തിരുവനന്തപുരം വിജിലൻസ് കോടതി കേസെടുക്കാൻ ഉത്തരവിടുകയായിരുന്നു. സർക്കാരിന് കിട്ടേണ്ട ലക്ഷങ്ങളാണ് ആക്രി കടത്തിലൂടെ നഷ്ടപ്പട്ടതെന്നാണ് കണ്ടെത്തൽ.
Content Highlights- REPORTER IMPACT: Action taken against scrap scam in Secretariat, Vigilance case filed against P. Honey