
വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥൻ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികൾക്കെതിരെ നടപടിയുമായി കേരള വെറ്ററിനറി സര്‍വകലാശാല. പത്തൊൻപത് വിദ്യാർത്ഥികളെ സർവകലാശാല പുറത്താക്കി. കേസിൽ പത്തൊൻപത് വിദ്യാർത്ഥികളും കുറ്റക്കാരാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയെന്നും സര്‍വകലാശാല അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു. സിദ്ധാര്‍ത്ഥന്റെ അമ്മ എം ആര്‍ ഷീബ നല്‍കിയ ഹര്‍ജിയിലാണ് സർവകലാശാല മറുപടി നൽകിയത്. 19 പേര്‍ക്ക് മറ്റ് ക്യാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയും തീര്‍പ്പാക്കി.
2024 ഫെബ്രുവരി 18നാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ ജെ എസ് സിദ്ധാർത്ഥനെ താമസ സ്ഥലത്തെ ശുചിമുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് സിദ്ധാർത്ഥൻ സഹപാഠികളുടെ അതിക്രൂര റാഗിങിന് ഇരയായിരുന്നു.
ഫെബ്രുവരി 14ന് ക്യാംപസിൽ സംഘടിപ്പിച്ച വാലന്റൈന്‍സ് ഡേ പരിപാടിക്കിടെ സിദ്ധാർത്ഥൻ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹോസ്റ്റലിൽവെച്ച് സിദ്ധാർത്ഥൻ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര മർദനത്തിനും ഇരായയത്. ഇതിന് പിന്നാലെയായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാര്‍ത്ഥന്റേത് തൂങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ മകനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായവരെ പിടികൂടാൻ വൈകുന്നുവെന്നതടക്കം നിരവധി ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയർന്നത്. തുടക്കത്തിൽ ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുത്തിരുന്നു.
Content Highlights- Siddharth's death; Kerala Veterinary University expels all 19 accused for committing crime