
മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിലെ വീട്ടുപ്രസവത്തിൽ യുവതി മരിച്ച സംഭവത്തിൽ അസ്മയുടെ പ്രസവമെടുക്കാന്‍ സഹായിച്ച സ്ത്രീയ്ക്ക് പുറമേ മകനും കസ്റ്റഡിയിൽ. ഫാത്തിമയുടെ മകൻ അബൂബക്കർ സിദ്ദീഖ് ആണ് മലപ്പുറം പൊലീസിൻ്റെ പിടിയിൽ ആയത്. അന്നേ ദിവസം അബൂബക്കർ സിദ്ദീഖ് ആണ് ഫാത്തിമയെ സിറാജുദ്ദീൻ്റെ വീട്ടിൽ എത്തിച്ചത്. ഫാത്തിമയുടെ അറസ്റ്റ് ഉടനുണ്ടാവുമെന്ന് നേരത്തെ പൊലീസ് അറിയിച്ചിരുന്നു.
കേസില്‍ യുവതിയുടെ ഭര്‍ത്താവ് ആലപ്പുഴ വണ്ടാനം സ്വദേശിയും മതപ്രഭാഷകനുമായ സിറാജുദ്ദീനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. പ്രതിയെ തിങ്കളാഴ്ച്ച പ്രസവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇയാളെ സഹായിച്ചവരെ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. വൈകാതെ മറ്റുളളവരെയും ചോദ്യംചെയ്യുമെന്നാണ് വിവരം.
പെരുമ്പാവൂര്‍ സ്വദേശിയായ അസ്മ തന്റെ അഞ്ചാമത്തെ പ്രസവത്തിനിടെ അമിത രക്തസ്രാവത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. പ്രസവ സമയത്തുതന്നെ അസ്മ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവ് സിറാജുദ്ദീന്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാന്‍ തയ്യാറായില്ല. കുഞ്ഞിന് ജന്മം നല്‍കിയതിനു പിന്നാലെ അസ്മ മരിച്ചു. തുടര്‍ന്ന് സിറാജുദ്ദീന്‍ മൃതദേഹം പെരുമ്പാവൂരിലെത്തിച്ചു. അസ്മയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസെടുത്തത്. അമിത രക്തസ്രാവമാണ് മരണകാരണമെന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ നടന്ന പോസ്റ്റ്മാര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. അസ്മയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാനാവുമായിരുന്നെന്ന് പോസ്റ്റ്മാര്‍ട്ടം നടത്തിയ ഡോക്ടര്‍മാരും പറഞ്ഞിരുന്നു.
Content Highlight :The son of the woman who helped deliver Asma at home is also in custody.