കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പുകേസ്; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി ഹൈക്കോടതി

ജോലി ചെയ്യുന്ന സമയത്ത് വന്‍ തുക ലോണെടുത്തശേഷം ലീവെടുത്ത് നാട്ടിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറി ലോണ്‍ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം

dot image

എറണാകുളം: കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പുകേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. മുവാറ്റുപുഴ സ്വദേശി രാഘുല്‍ രതീശന്‍, കുമരകം സ്വദേശി കീര്‍ത്തിമോന്‍ സദാനന്ദന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി തളളിയത്. കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും പ്രതികള്‍ ഒരുകോടിയിലധികം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചിച്ചുവെന്നാണ് കേസ്. കേരളത്തില്‍ നിന്നുളള 1400-ലധികം പേര്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത ശേഷം മറ്റ് രാജ്യങ്ങളിലേക്ക് കടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് 15 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. മലയാളി നഴ്‌സുമാരുള്‍പ്പെടെ കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പുകേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.


ജോലി ചെയ്യുന്ന സമയത്ത് വന്‍ തുക ലോണെടുത്തശേഷം ലീവെടുത്ത് നാട്ടിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കുടിയേറി ലോണ്‍ തിരിച്ചടവ് മുടക്കുന്നുവെന്നായിരുന്നു ഉയര്‍ന്ന ആരോപണം. 1425 മലയാളികള്‍ ഗള്‍ഫ് ബാങ്ക് കുവൈത്തിന്റെ 700 കോടി രൂപയോളം തട്ടിയെന്ന പരാതിയിലാണ് അന്വേഷണം നടക്കുന്നത്. അന്‍പത് ലക്ഷം മുതല്‍ രണ്ടുകോടി വരെയാണ് ലോണെടുത്തിരിക്കുന്നത്. ആദ്യം ചെറിയ തുകകള്‍ ലോണുകളായി എടുത്ത് കൃത്യമായി തിരിച്ചടച്ച ശേഷം വലിയ ലോണുകള്‍ എടുക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇംഗ്ലണ്ട്, കാനഡ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറി.

Also Read:


തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം തുടങ്ങിയത്. അപ്പോഴാണ് 1425 മലയാളികള്‍ തങ്ങളെ വഞ്ചിച്ചത് ബാങ്കിന് മനസിലായത്. ഇതോടെ ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് തട്ടിപ്പുനടത്തിയവരുടെ വിലാസമടക്കം നല്‍കി. തുടര്‍ന്നാണ് പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.


കുവൈത്തിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന നിരവധിപേരാണ് കുറ്റം ആരോപിക്കപ്പെട്ടവരുടെ പട്ടികയിലുളളത്. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ തങ്ങളെ പറ്റിച്ചുവെന്നാണ് ബാങ്ക് ആരോപിക്കുന്നത്. ഇതിനുപിന്നില്‍ ഏജന്റുമാരുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ദക്ഷിണമേഖലാ ഐജിയാണ് കേസുകള്‍ അന്വേഷിക്കുന്നത്. എറണാകുളം ജില്ലയിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Content Highlights: kerala highcourt dismiss anticipatory bail pleas in kuwait bank loan fraud case

dot image
To advertise here,contact us
dot image