ഹമാസ് തലവന്റെ ചിത്രം എന്തിന് വഖഫ് വിഷയത്തില്‍ കേരളത്തില്‍ ഉയര്‍ത്തി കാണിക്കണം; കെ സുരേന്ദ്രന്‍

'ആഗോളതല ഭീകരവാദ സംഘടനകളുടെ മുദ്രാവാക്യങ്ങളാണ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിക്കുമ്പോള്‍ അവര്‍ വിളിച്ചത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചു.'

dot image

കോഴിക്കോട്: ഹമാസ് തലവന്റെ ചിത്രം എന്തിനാണ് വഖഫ് വിഷയത്തില്‍ കേരളത്തില്‍ ഉയര്‍ത്തി കാണിക്കുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അവരുടെ ആശയങ്ങള്‍ എന്തിനാണ് കേരളത്തില്‍ പ്രചരിപ്പിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാരും മുസ്ലീം ലീഗും യുഡിഎഫും വിഷയത്തില്‍ മറുപടി പറയണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. മത ഭീകരവാദ സംഘടനകള്‍ ഒരു നിയന്ത്രണവുമില്ലാതെ സംസ്ഥാനത്ത് പ്രതിഷേധം നടത്തുകയാണെന്നും ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ മതഭീകരവാദികള്‍ കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.


'ആഗോളതല ഭീകരവാദ സംഘടനകളുടെ മുദ്രാവാക്യങ്ങളാണ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിക്കുമ്പോള്‍ അവര്‍ വിളിച്ചത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചിത്രം പ്രദര്‍ശിപ്പിച്ചു. സൗദിയുള്‍പ്പെടെയുളള രാജ്യങ്ങള്‍ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനം നിരോധിച്ചതാണ്. പിഎഫ്‌ഐയെ നിരോധിച്ചിട്ടും മതതീവ്രവാദ സംഘടനകള്‍ക്ക് കേരളത്തില്‍ പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യം ലഭിക്കുന്നു. വോട്ടുബാങ്കിനുവേണ്ടി യുഡിഎഫും എല്‍ഡിഎഫും അവരെ പിന്തുണയ്ക്കുകയാണ്. എങ്ങനെയാണ് പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് അടുത്തുവരെ എത്തിയത്. രാജ്യസുരക്ഷയെ ബാധിക്കുന്ന വകുപ്പ് ചേര്‍ത്തുകൊണ്ട് എന്തുകൊണ്ടാണ് അവര്‍ക്കെതിരെ കേസെടുക്കാത്തത്.'-കെ സുരേന്ദ്രന്‍ ചോദിച്ചു.


മുസ്ലീം ലീഗ് നേരത്തെ ദേശീയ പതാക താഴ്ത്തി പാകിസ്ഥാന്റെ പച്ച പതാക ഉയര്‍ത്തിയിരുന്നുവെന്നും മുസ്ലീം ലീഗ് എല്ലാത്തിനെയും ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടിലെ പ്രസവത്തിലും വാക്‌സിനേഷന്‍ തടയുന്നതിലുമെല്ലാം ലീഗ് എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

Content Highlights: Why hamas leaders pic displayed in waqf issue kerala asks k surendran

dot image
To advertise here,contact us
dot image