
കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയില്‍ പരിപാടിക്ക് ആള് കുറവായതില്‍ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവേ വടകരയിലെ പരിപാടികള്‍ ഇങ്ങനെയല്ല, നല്ല ആള്‍ക്കൂട്ടം ഉണ്ടാകാറുണ്ട്. ഔചിത്യബോധം കാരണം കൂടുതലൊന്നും പറയുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സദസില്‍ ആളുകള്‍ എത്തുന്നതുവരെ മുഖ്യമന്ത്രി ഗസ്റ്റ് ഹൗസില്‍ നിന്ന് ഇറങ്ങിയില്ല.
വലിയ സദസാണ് സംഘാടകര്‍ ഒരുക്കിയിരുന്നത്. സദസില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ 11 മണിക്ക് ആരംഭിക്കേണ്ടിയിരുന്ന പരിപാടി 35 മിനിറ്റ് വൈകി 11.35 നാണ് ആരംഭിച്ചത്. തിങ്ങിയിരിക്കേണ്ട എന്ന് കരുതിക്കാണുമെന്നും വെയിലും ചൂടുമൊക്കെ ആയതുകൊണ്ട് ജനങ്ങള്‍ക്ക് വിസ്തരിച്ച് ഇരിക്കാന്‍ സംഘാടകര്‍ സൗകര്യമൊരുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടകര എംഎല്‍എ കെകെ രമയും എംപി ഷാഫി പറമ്പിലും പരിപാടിയില്‍ പങ്കെടുക്കാതിരുന്നതിനെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ സ്ത്രീ മരിച്ച സംഭവം വേദനാജനകമാണെന്നും അശാസ്ത്രീയ പ്രവണത സംസ്ഥാനത്ത് തല പൊക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ സാമൂഹിക ദ്രോഹികളാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. വടകര ജില്ലാ ആശുപത്രി ഫേസ് 2 ശിലാസ്ഥാപനച്ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Content Highlights: cm criticize vatakara event as people were less in number