
തിരുവനന്തപുരം : ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിനു മുന്നിൽ പൗരസാഗരം. ആശാ പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങളും വിവിധ സംഘടനകളും രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരും സംഗമത്തിൽ പങ്കെടുക്കും. തങ്ങളുടെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്തി ഉടൻ സമവായത്തിലെത്തിയില്ലെങ്കിൽ പൗരസാഗരത്തിനുശേഷം സമരത്തിന്‍റെ അടുത്തഘട്ടം പ്രഖ്യാപിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക എന്നീ ആവശ്യങ്ങളുമായി സെക്രട്ടറിയേറ്റ് പടിക്കലെ രാപ്പകൽ സമരം ഇന്ന് 62-ാം ദിവസവും നിരാഹാര സമരം ഇരുപത്തി നാലാം ദിവസം തുടരുകയാണ്.തങ്ങൾക്കൊപ്പം നിൽക്കാൻ ജനാധിപത്യവാദികളും സാധാരണക്കാരും മാത്രമേ ഉള്ളൂവെന്ന് ആശാ വർക്കർമാർ പറഞ്ഞു
പൗരസാഗരത്തിന് കെ സച്ചിദാനന്ദൻ, സാറാ ജോസഫ്, എം എൻ കാരശ്ശേരി, ഡോ ഗീവർഗീസ് മാർ കൂറിലോസ്, ജസ്റ്റിസ് പി കെ ഷംസുദീൻ തുടങ്ങിയവർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം, ഐ ഷണ്മുഖദാസ്, ഉണ്ണി ആർ എന്നിവർ സമരത്തെ പിന്തുണച്ചു രംഗത്തെത്തി. നടിമാരായ പാർവതി തിരുവോത്തും റിമ കല്ലിങ്കലും പൗരസാഗരത്തിന്റെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് പിന്തുണ അറിയിച്ചു.
Content Highlight :Paurasagaram today at Asha Samaravedi