
ഇടുക്കി : ഇടുക്കി ബോഡിമെട്ടിന് സമീപം നിയന്ത്രണംവിട്ട കാർ 60 അടി താഴ്ചയിലേക്ക് മറിഞ്ഞു. താഴ്ച്ചയിലേക്ക് മറിഞ്ഞ കാർ പൂർണ്ണമായും കത്തി നശിച്ചു. കർണാടകയിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാലു പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. കാറിൽ യാത്ര ചെയ്തവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇതിൽ രണ്ടുപേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടു
കൂടിയാണ് ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണംവിട്ട വാഹനം 60 അടി താഴ്ച്ചയിലേക്ക് പതിച്ചത്. കർണാടകയിൽ നിന്ന് എത്തിയ കിഷോർ, ഭാര്യ വിദ്യ മക്കളായ ജോഷ്വാ, ജോയൽ എന്നിവർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
താഴ്ചയിലേക്ക് പതിച്ച വാഹനത്തിൽ നിന്ന് ഇവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇതിനുശേഷവും താഴ്ച്ചയിലേക്ക് പതിച്ച വാഹനം പൂർണമായും കത്തിനശിച്ചു. അപകടത്തിൽ വിദ്യക്കും മകൻ ജോഷ്വയ്ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യയുടെ കൈയ്ക്കും കാലിനും തലയ്ക്കും പരിക്കുണ്ട്. ജോഷ്വായുടെ കാലിന് ഒടിവും സംഭവിച്ചിട്ടുണ്ട്. മൂന്നാർ സന്ദർശനത്തിനുശേഷം ഇവർ തിരികെ മടങ്ങുകയായിരുന്നു. വാഹനം അമിതവേഗതയിലായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങളിൽ നിന്നും ഫയർഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്.
content highlights : Family from Karnataka visits Munnar; Car falls 60 feet into ravine, burns to death