
തിരുവനന്തപുരം: ഫാസിസ്റ്റ് കാവിവൽക്കരണത്തിനിടയിലും നിയമവാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടക്കാണിക്കുന്ന വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമസഭ പാസാക്കുന്ന ബില്ലുകളോടും നിയമങ്ങളോടും എങ്ങനെ ക്രിയാത്മകമായി പ്രതികരിക്കണമെന്നുള്ള നിലപാട് സ്വീകരിച്ച സുപ്രീംകോടതിയുടെ വിധി സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗവർണറും രാഷ്ട്രപതിയും ഒപ്പുവെയ്ക്കാതെ ബിൽ നിയമമാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇത് ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയിൽ കേരളത്തിലെ ഗവർണറുടെ ഭാഗത്തുനിന്ന് മറിച്ചുള്ള അഭിപ്രായമുണ്ടായി. ഇത് ശരിയാണോ എന്നുള്ള ചോദ്യത്തിന് ഭരണഘടനാപരമായിരിക്കണം എന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധിയോടെ ജുഡീഷ്യറിക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമായി. ഗവർണർമാരെ ഉപയോഗപ്പെടുത്തി നിയന്ത്രിക്കാനുള്ള നീക്കങ്ങൾ തിരുത്തപ്പെടുന്നു എന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ ഗവര്‍ണര്‍ക്ക് പുറമേ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുകയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹര്‍ജിക്ക് നീക്കം തുടങ്ങി. സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ചില്‍ തന്നെയായിരിക്കും പുനഃപരിശോധനാ ഹര്‍ജിയും നല്‍കുക.
Content Highlights-'It is clear that the rule of law has potential even amidst fascist saffronization'; MV Govindan