'അർദ്ധരാത്രിയിൽ പരിശോധന നടത്താനുള്ള പൊലീസ് നീക്കം അസാധാരണം; ഒട്ടും ഭയമില്ല': സിദ്ദിഖ് കാപ്പൻ

അർദ്ധരാത്രി പരിശോധിക്കേണ്ട എന്ത് കാര്യമാണ് പൊലീസിനുള്ളതെന്ന് സിദ്ദിഖ് കാപ്പൻ ചോദിച്ചു

dot image

മലപ്പുറം: അർദ്ധരാത്രിയിൽ വീട്ടിൽ പരിശോധന നടത്താനുള്ള പൊലീസ് നീക്കത്തിനെതിരെ മാധ്യമ പ്രവർത്തകൻ
സിദ്ദിഖ് കാപ്പൻ. പൊലീസിന്റെ നീക്കം അസാധാരണമാണെന്ന് അദ്ദേഹം റിപ്പോർട്ടറിനോട് പറഞ്ഞു. 12 മണിക്ക് ശേഷം വീട്ടിൽ പൊലീസെത്തുമെന്നാണ് അറിയിച്ചത്. കേരളാ പൊലീസ് അന്വേഷിക്കുന്ന ഒരു കേസും നിലവിലില്ല. പിന്നെ പരിശോധന എന്തിനെന്ന് അവരാണ് പറയേണ്ടതെന്നും സിദ്ദിഖ് കാപ്പൻ പറഞ്ഞു.

സുപ്രീംകോടതിയാണ് തനിക്ക് ജാമ്യം അനുവദിച്ചത്. അർദ്ധരാത്രി പരിശോധിക്കേണ്ട എന്ത് കാര്യമാണ് ഉള്ളതെന്ന് ചോദിച്ച സിദ്ധിഖ് കാപ്പൻ ഒട്ടും ഭയമില്ലെന്നും ഇതിലും വലുത് അനുഭവിച്ചതാണെന്നും കൂട്ടിച്ചേർത്തു. രണ്ട് വർഷക്കാലം എല്ലാ തിങ്കളാഴ്ച്ചയും വേങ്ങര സ്റ്റേഷനിൽ പോയി ഒപ്പിട്ടിരുന്ന ആളാണ്. ആളുകളെ പരിഭ്രാന്തരാക്കുകയാണ് ലക്ഷ്യമെന്നും സിദ്ദിഖ് കാപ്പൻ ആരോപിച്ചു.

ഇന്നലെ അർധരാത്രി 12മണിക്കുശേഷം വീട്ടിൽ പരിശോധനക്ക് എത്തുമെന്നായിരുന്നു പൊലീസിന്റെ അറിയിപ്പ്. വൈകിട്ട് ആറ് മണിയോടെ രണ്ട് പൊലീസുകാർ മലപ്പുറം വേങ്ങരയിലെ വീട്ടിൽ എത്തിയാണ് ഇക്കാര്യം അറിയിച്ചത്. പക്ഷേ പൊലീസ് രാത്രി പരിശോധനക്ക് എത്തിയില്ല. രാത്രിയിലുള്ള പരിശോധന സംബന്ധിച്ച വിവരം വാർത്തയായിരുന്നു. പതിവ് പരിശോധനയാണ് തീരുമാനിച്ചതെന്നായിരുന്നു പൊലീസിൻറെ വിശദീകരണം. പിന്നീട് അത് ഒഴിവാക്കിയെന്നും പൊലീസ് വ്യക്തമാക്കി.

2020 ഒക്ടോബർ അഞ്ചിന് ഹാഥ്‌റസിലെ ബലാത്സംഗക്കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നുന്നതിനിടെ മധുര ടോൾ പ്ലാസയിൽ വെച്ച് കാപ്പൻ അറസ്റ്റിലായിരുന്നു. കാറിൽ ഒപ്പം സഞ്ചരിച്ചവർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആണെന്നും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയായ കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നുമായിരുന്നു പൊലീസ് വിലയിരുത്തൽ.

പിഎഫ്ഐയുടെ മുഖപത്രമായിരുന്ന തേജസിൻറെ ഡൽഹി മുൻ ലേഖകൻ കൂടിയായിരുന്നു സിദ്ദിഖ് കാപ്പൻ. വർഗീയ കലാപമുണ്ടാക്കലും സൗഹൃദ അന്തരീക്ഷം തകർക്കലും ഗൂഢാലോചനയും ചേർത്ത് യുഎപിഎ ചുമത്തിയിരുന്നു. യുഎപിഎ കേസിൽ സെപ്റ്റംബർ 9ന് സുപ്രിം കോടതിയും ഇ ഡികേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ഡിസംബർ 23നും സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരി 2നാണ് കാപ്പൻ ജയിൽമോചിതനായത്.

Content Highlights: siddique kappan against police

dot image
To advertise here,contact us
dot image