'കോണ്‍ഗ്രസിൻ്റെ അഴിമതി പഠിച്ച് സിപിഐഎം അവരെക്കാളും മുന്നോട്ട് പോകുന്നു': രാജീവ് ചന്ദ്രശേഖര്‍

മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതിയില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ മറ്റുള്ളവര്‍ വേറെന്ത് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍

dot image

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിന് എതിരെ കേസ് എടുക്കാനുള്ള ശിപാര്‍ശയില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഈ നാട്ടില്‍ എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ തന്നെ അഴിമതിയില്‍ പ്രതിസ്ഥാനത്ത് വരുമ്പോള്‍ മറ്റുള്ളവര്‍ വേറെന്ത് ചെയ്യുമെന്നും രാജീവ് കുറ്റപ്പെടുത്തി.

'ഇതൊരു രാഷ്ട്രീയ സംസ്‌കാരമായി മാറി. എക്‌സാലോജിക് വിഷയത്തില്‍ പോലും അന്വേഷണം നടക്കുന്നില്ല. രണ്ട് ദിവസം മുമ്പ് ഒരു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇ ഡി കേസില്‍ വന്നു. സ്വര്‍ണ്ണക്കടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു', രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


കോണ്‍ഗ്രസിന്റെ അഴിമതി പഠിച്ച് സിപിഐഎം കോണ്‍ഗ്രസിനേക്കാളും മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഡിജിപി പി വിജയനെതിരെ വ്യാജമൊഴി നല്‍കിയതുമായി ബന്ധപ്പെട്ടാണ് എം ആര്‍ അജിത് കുമാറിനെതിരെ കേസെടുക്കാന്‍ ഡിജിപി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മുന്‍ മലപ്പുറം എസ് പി സുജിത് ദാസാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും അജിത് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ പി വിജയന്‍ ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. അജിത് കുമാര്‍ നല്‍കിയത് വ്യാജമൊഴിയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതോടെയാണ് കേസെടുക്കാന്‍ ഡിജിപി ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അജിത് കുമാറിനെതിരെ സിവിലായും ക്രിമിനലായും കേസെടുക്കാമെന്ന് ഡിജിപി നല്‍കിയ ശുപാര്‍ശയില്‍ പറയുന്നു.

Content Highlights: CPIM is learning from Congress corruption and going further than Congress Rajeev Chandrasekhar

dot image
To advertise here,contact us
dot image