റിയാസ് വീട്ടിലേയ്ക്ക് കയറിയത് മുതൽ പിണറായി മാറാൻ തുടങ്ങി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി പി വി അൻവർ

സഖാക്കളുടെ രക്തം ഊറ്റിക്കുടിച്ചാണ് മുഖ്യമന്ത്രിയും മകളും മരുമകനും കുടുംബത്തിന് വേണ്ടി സമ്പത്തുണ്ടാക്കി ജീവിക്കുന്നതെന്നും പി വി അൻവർ

dot image

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി നിലമ്പൂർ മുൻ എംഎൽഎ പി വി അൻവർ. റിപ്പോർട്ടർ ടിവിയുടെ ഡിബേറ്റ് വിത്ത് സ്മൃതി പരുത്തിക്കാടിലായിരുന്നു മുഖ്യമന്ത്രിക്കെതിരെ പി വി അൻവർ ആഞ്ഞടിച്ചത്. മുൻ ഡിജിപിമാർ ബിജെപിയിൽ ചേരുന്നതിനെതിരെ അൻവർ വിമർശനം ഉന്നയിച്ചപ്പോൾ ചർച്ചയുടെ മോഡറേറ്ററായ സ്മൃതി പരുത്തിക്കാട് ഈ വിഷയത്തിൽ പിണറായി വിജയൻ ശക്തമായ നടപടി സ്വീകരിച്ചത് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനോടുള്ള പ്രതികരണമായിട്ടായിരുന്നു അൻവർ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

അന്നത്തെ പിണറായി അല്ല ഇന്നത്തെ പിണറായി എന്ന് പറഞ്ഞ പി വി അൻവർ രണ്ടാം പിണറായി സർക്കാർ വീണ്ടും അധികാരത്തിലേറിയപ്പോൾ മുതൽ പിണറായി വിജയൻ ആകെ മാറിയെന്നും പാർട്ടിയോടുള്ള ഉത്തരവാദിത്തം മറന്നുവെന്നും കുറ്റപ്പെടുത്തി. 'മുഹമ്മദ് റിയാസ് എന്ന് ആ വീട്ടിലേയ്ക്ക് കയറിയോ അന്ന് മുതലാണ് പാ‍ർ‌ട്ടിക്കപ്പുറം എൻ്റെ കുടുംബം എന്ന അവസ്ഥയിലേയ്ക്ക് മുഖ്യമന്ത്രി ചുരുങ്ങിയത്' എന്നായിരുന്നു അൻവറിൻ്റെ വിമർശനം. കേരളത്തിന്റെ മുഖ്യമന്ത്രി ആണെന്ന കാര്യം പിണറായി വിജയൻ മനപൂർവ്വം മറക്കുന്നു. പാർട്ടിക്കപ്പുറം കുടുംബസ്നേഹത്തിന് മുൻപിൽ മുഖ്യമന്ത്രി അടിയറവ് പറയുന്നുവെന്നും അൻവർ കുറ്റപ്പെടുത്തി.

തന്റെ മകൾ, മരുമകൻ എന്ന രീതിയിലേക്ക് മാത്രം കേരളത്തിന്റെ മുഖ്യമന്ത്രി ചുരുങ്ങിപ്പോകുന്നു എന്നും പി വി അൻവർ വിമർശിച്ചു. ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. മരുമകനെ എത്തിപ്പിടിക്കാന്‍ കഴിയുന്നതിലപ്പുറമുള്ള പാര്‍ട്ടിയിലെ ഉന്നത സ്ഥാനങ്ങളില്‍ പിണറായി വിജയൻ എത്തിച്ചുകഴിഞ്ഞു. ആ ഭഗീരഥ പ്രയത്‌നത്തിൽ പിണറായി വിജയൻ വിജയിച്ചുവെന്നും പി വി അൻവർ വിമർശിച്ചു. ഇതിനെതിരെ പ്രതികരിക്കാൻ പാര്‍ട്ടിയിലാരുമില്ലെന്നും അൻവർ കൂട്ടിച്ചേർത്തു.

കേന്ദ്ര കമ്മിറ്റിയില്‍ റിയാസ് എത്തുമെന്ന് കരുതി. പക്ഷേ ആരോ പിണറായിക്ക് അവസാന നിമിഷത്തില്‍ ബുദ്ധി ചൊല്ലിക്കൊടുത്തെന്നും അൻവർ പരിഹസിച്ചു. പിണറായിയ്ക്ക് ബുദ്ധി ഉപദേശിക്കാൻ പുതിയ ഒരു വ്യക്തി ഉണ്ടെന്നും അൻവർ പറഞ്ഞു. സ്വയം തീക്കട്ടയാണെന്നാണ് മുഖ്യമന്ത്രിയുടെ വിചാരം. പണ്ട് തീക്കട്ട ആയിരുന്നു. ഇപ്പോൾ അങ്ങനെയല്ല. ചോദ്യം ചോദിക്കുമ്പോൾ പത്രപ്രവ്ര‍ർത്തകരോട് ആവശ്യമില്ലാതെ കയര്‍ക്കാനുള്ള അർഹത പിണറായി വിജയന് ഇപ്പോൾ ഇല്ലെന്നും പി വി അൻവർ തുറന്നടിച്ചു.

ആര്‍എസ്എസ്സുമായും വര്‍ഗീയശക്തികളോടും പോരാടി അറൂനൂറിലധികം സഖാക്കളുടെ രക്തം കേരളത്തിൽ വീണു. ആ രക്തസാക്ഷികളായ സഖാക്കളുടെ വീട്ടുകാരുടെ അവസ്ഥ പോലും പിണറായിക്ക് അറിയില്ല. അത് തനിക്ക് നന്നായി അറിയാം. പിണറായിയുടെ രക്തം ആര്‍ക്കും വേണ്ട. മറിച്ച് കേരളത്തിലെ രാഷ്ട്രീയം എങ്ങോട്ടാണ് പോകുന്നതെന്ന് സഖാക്കള്‍ അറിയണം. സഖാക്കളുടെ രക്തം ഊറ്റിക്കുടിച്ചാണ് മുഖ്യമന്ത്രിയും മകളും മരുമകനും കുടുംബത്തിന് വേണ്ടി സമ്പത്തുണ്ടാക്കി ജീവിക്കുന്നതെന്ന രൂക്ഷ വിമർശനവും അൻവർ ഉയർത്തി.

content highlights : p v anvar criticise chief minister pinarayi vijayan

dot image
To advertise here,contact us
dot image