പാലിയേക്കര ടോള്‍പ്ലാസയിലെ സംഘര്‍ഷം; യാത്രികരുടെ പേരില്‍ കേസെടുത്തു

ട്രാക്കില്‍ കാര്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു

dot image

തൃശൂർ: ദേശീയപാതയില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ കാര്‍ നിര്‍ത്തിയിട്ട് സംഘര്‍ഷമുണ്ടാക്കിയ യാത്രികരുടെ പേരില്‍ കേസെടുത്തു. ഞായറാഴ്ച പുലർച്ചെ 1.30നായിരുന്നു സംഭവം. ടോള്‍പ്ലാസയിലെത്തിയ കാര്‍ ടോള്‍ബൂത്ത് കടന്നതിനു ശേഷം ട്രാക്കില്‍ നിര്‍ത്തിയിട്ട് ജീവനക്കാരെ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു. കാര്‍യാത്രക്കാര്‍ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ടോള്‍പ്ലാസയിലെ ട്രാക്കുകളില്‍ കാര്‍ മാറ്റിമാറ്റിയിട്ട് ഇവര്‍ പ്രശ്‌നമുണ്ടാക്കുന്നത് തുടര്‍ന്നു. ചോദ്യം ചെയ്യാന്‍ ശ്രമിച്ച ജീവനക്കാരെ കാറിന്റെ ജാക്കി ലിവര്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. ഇതിനിടെ ടോള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ ഇവര്‍ കാറുമായി കടന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം ടോള്‍പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസില്‍ പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് വാഹന നമ്പര്‍ ഉപയോഗിച്ച് ഉടമയുമായി ബന്ധപ്പെടുകയും ഞായറാഴ്ച സ്റ്റേഷനില്‍ ഹാജരാകാൻ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പൊലീസ് ആക്രമിച്ചുവെന്ന് പറഞ്ഞ് കാര്‍യാത്രികര്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Content Highlights: passengers park their cars at the paliyekkara toll plaza and commit atrocities

dot image
To advertise here,contact us
dot image