
തൃശൂർ: അതിരപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ മരിച്ച ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടെ മരണത്തിൽ അന്വേഷണം നടത്താൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. തൃശ്ശൂർ റൂറൽ എസ്പി B കൃഷ്ണകുമാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇവരുടെ മരണം സംഭവിച്ച് 12 മണിക്കൂറിന് ശേഷമാണ് വനം വകുപ്പ് ഈ വിവരം അറിയുന്നത്.
അതിന് ശേഷമാണ് പൊലീസും വനം വകുപ്പും സംയുക്തമായി ചേർന്ന് പരിശോധന നടത്തിയത്. കാട്ടാന ആക്രമിച്ചത് ആണെങ്കിൽ ശരീരത്തിൽ ഗുരുതരമായ പരിക്കുകൾ ഉണ്ടാകേണ്ടതാണെന്നും എന്നാൽ പ്രത്യക്ഷത്തിൽ അത്തരം പാടുകൾ ശരീരത്തിൽ ഇല്ലെന്നും പൊലീസ് പറയുന്നു. അതേസമയം കഴിഞ്ഞ 48 മണിക്കൂറിനിടെ നടന്ന ഈ മൂന്ന് മരണങ്ങളും സമഗ്രമായി തന്നെ അന്വേഷിക്കാനാണ് ഡിവൈഎസ്പി അടങ്ങുന്ന സംഘം തീരുമാനിച്ചിരിക്കുന്നത്.
വാഴച്ചാൽ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരെയാണ് ഇന്ന് വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതിരപ്പിള്ളി വഞ്ചി കടവിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയവരായിരുന്നു ഇവർ. കാട്ടാന കൂട്ടം ആക്രമിക്കാൻ വന്നപ്പോൾ ഇവർ ചിതറി ഓടുകായായിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം അടിച്ചില്‍തോട്ടില്‍ സ്വദേശി തമ്പാന്റെ മകന്‍ സെബാസ്റ്റ്യനും കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടിരുന്നു. സമാനമാസ സാഹചര്യത്തിൽ തേന്‍ ശേഖരിച്ച് മടങ്ങുമ്പോഴായിരുന്നു സെബാസ്റ്റ്യന് നേരെ കാട്ടാന പാഞ്ഞടുത്തത്.
Content Highlights: Athirappilly wild elephant attack; Investigation led by Dysp