
കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ സുപ്രീം കോടതിയില്‍ നിയമപോരാട്ടം തുടരണമെന്ന കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവിന്റെ വാക്കുകളോട് പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജു പി നായര്‍ പറഞ്ഞതിങ്ങനെ
'തൊണ്ട പൊട്ടുമാറ് ഉച്ഛത്തില്‍ കിട്ടുന്ന എല്ലാ വേദികളിലും ഉറച്ച് പറഞ്ഞതാണ് ഈ നാട്ടിലെ ക്രിസ്തീയ സമൂഹം വഞ്ചിക്കപ്പെടുന്നു എന്ന്. മുനമ്പത്തെ 610 കുടുംബങ്ങളുടെ പ്രശ്‌നം പരിഹരിക്കലല്ല അതുപയോഗിച്ച് ഒരു സമൂഹത്തിനകത്ത് മുസ്ലിം വിരുദ്ധത ഉണ്ടാക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് ആവര്‍ത്തിച്ചു പറഞ്ഞു. പക്ഷെ കടല്‍വെള്ളത്തിന് തീ പിടിപ്പിക്കുന്ന നുണകളാല്‍ ആ പാവം മനുഷ്യരെ അവര്‍ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേയിരുന്നു. ഈ നിയമഭേദഗതി ഒരു സമൂഹത്തിന്റെ മതസ്വാതന്ത്ര്യത്തെ ഇല്ലാതെയാക്കാനാണ് എന്നും നാളെ അവര്‍ നിങ്ങളെ തേടിയെത്തും എന്നും ഈ നാട്ടിലെ ക്രൈസ്തവ സമൂഹത്തോട് ഞങ്ങള്‍ പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷെ ഞങ്ങള്‍ നശിച്ചാലും മുസ്ലിമിന്റെ ചോര കണ്ടാല്‍ മതിയെന്ന് ചിന്തിക്കുന്നത് വരെ കാസ എന്ന തീവ്രവാദി സംഘം അവരെ പറഞ്ഞു പഠിപ്പിച്ചിരുന്നു. വിചാരധാരയിലെ ഒന്നാം പേരുകാരനായ ന്യൂനപക്ഷ സമുദായത്തിന്റെ കഴുത്തില്‍ കത്തി വച്ചപ്പോള്‍ രണ്ടാം പേരുകാരന്‍ പടക്കം പൊട്ടിച്ചിരുന്നു. ഞങ്ങള്‍ അവരെ പരിഹസിക്കില്ല, കാരണം അവരില്‍ അത്രയും ആഴത്തില്‍ വിഷമിറക്കാന്‍ കഴിയുന്ന നിലയില്‍ ആ ശക്തികളെ അവര്‍ വിശ്വസിച്ചു പോയിരുന്നു. ഇപ്പോള്‍ നന്ദി മോദി എന്ന് പറയാന്‍ ഇരുന്ന ഒരു ജനതക്ക് മുന്നില്‍ ചെന്നായയുടെ പൊയ്മുഖം വീണിരിക്കുന്നു. കേരളത്തെ വഞ്ചിച്ച ഈ കള്ളന്മാര്‍ക്ക് മുന്നില്‍ പ്രതിഷേധിക്കാന്‍ ഉള്ള ആര്‍ജ്ജവമെങ്കിലും അവര്‍ക്ക് ഉണ്ടാവട്ടെ. പങ്കായം പിടിച്ച കൈകള്‍ ദുര്‍ബലമാണെന്ന് കരുതിയല്ല, നിസ്സഹായത പൂണ്ട മനസ്സായിരുന്നു നിങ്ങളുടേത് എന്ന് മനസ്സിലാക്കിയാണ് ഈ വഞ്ചന നടത്തിയത്. ആ മനസ്സിനെ വഞ്ചിച്ച ഈ കപടന്മാരെ ഇനി എങ്ങനെ സ്വീകരിക്കണം എന്ന് ആ ജനത തീരുമാനിക്കട്ടെ!'
മുനമ്പത്തെ ജനങ്ങൾ വഖഫ് ഭൂമി വിഷയത്തിൽ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് മുനമ്പത്ത് നടന്ന 'നന്ദി മോദി ബഹുജനകൂട്ടായ്മ' പരിപാടിയിലാണ് കേന്ദ്രമന്ത്രി സൂചിപ്പിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ നിയമവഴിയിലൂടെ തന്നെ ഇതിന് പരിഹാരം കാണണമെന്നും കിരണ്‍ റിജിജു പറഞ്ഞു.
ഒരു ഭരണഘടനാ പദവിയിൽ ഇരിക്കുന്നയാളാണ് താൻ. പ്രശ്നം നിലവിൽ കോടതി പരിഗണനയിലാണ്. അതിനാൽ കൃത്യമായ സമയപരിധി പറയുന്നില്ല എന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ പ്രതിപക്ഷം നടത്തുന്ന രാഷ്ട്രീയ നാടകങ്ങളിൽ വീഴരുതെന്നും കിരൺറിജിജു പറഞ്ഞു.
Content Highlights: Congress leader Raju P Nair responds to Minister Kiren Rijiju's words